സംസ്ഥാനത്ത് മഴ ദുർബലമാകുന്നു,​ നാളെ രണ്ടിടത്ത് യെല്ലോ അലർട്ട്

Saturday 20 July 2024 11:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 ന് കണ്ണൂരും കാസര്‍കോടും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

വടക്കന്‍ കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ തുടരുമെങ്കിലും അതിശക്തമായ മഴക്കുള്ള സാദ്ധ്യത കുറവാണെന്നാണ് പ്രവചനം. അതേസമയം മാസം അവസാനത്തോടെ വീണ്ടും കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ മഴ സജീവമായേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.1 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Advertisement
Advertisement