ആളുകള്‍ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുന്നത് കുത്തനെ കുറയുന്നു, പ്രിയം പുതിയ രീതിയോട്; റിസര്‍വ് ബാങ്കിന് ആശങ്ക

Sunday 21 July 2024 10:39 PM IST

മുംബയ്: സമ്പാദ്യങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ശീലം ആളുകളില്‍ കുത്തനെ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു ബാങ്കിംഗ് ഉച്ചകോടിയിലാണ് ഇക്കാര്യം ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ആളുകള്‍ സമ്പാദ്യം സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാതിരിക്കുന്നത് രാജ്യത്തെ പണത്തിന്റെ ലിക്വിഡിറ്റിയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇത് തന്നെയാണ് നിക്ഷേപങ്ങള്‍ കുറയുമ്പോഴുള്ള ആശങ്കയ്ക്ക് കാരണവും.

ഗാര്‍ഹിക നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ ഇടുന്നതിന് പകരം മ്യൂച്ച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റുകളാണ് ഇപ്പോള്‍ ജനത്തിന് പ്രിയം. സ്വര്‍ണം വാങ്ങി നിക്ഷേപിക്കുന്ന പ്രവണതയും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റ് ഉത്പന്നങ്ങളിലേക്കും ഗാര്‍ഹിക നിക്ഷേപങ്ങള്‍ ഒഴുകുന്നുണ്ട്. ഓഹരി വിപണിയുടെ വളര്‍ച്ചയും നിക്ഷേ പ്രക്രിയ എളുപ്പത്തിലായതുമാണ് ആളുകളെ മ്യൂച്ച്വല്‍ ഫണ്ട്, സ്റ്റോക് മാര്‍ക്കറ്റിംഗ് എന്നിവയിലേക്ക് അടുപ്പിക്കുന്നത്. ഇത് തന്നെയാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് സമ്പാദ്യം ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് കുത്തനെ കുറയാനുള്ള കാരണവും.

ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ബാങ്കുകളെ ഓര്‍മിപ്പിച്ചു.നിലവില്‍ ബാങ്കുകള്‍ ഹ്രസ്വകാല വായ്പകളിലൂടെയും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളിലൂടെയും മറ്റുമാണ് വായ്പാ-നിക്ഷേപ അനുപാതം ക്രമീകരിക്കുന്നത്. കറന്റ് അക്കൗണ്ടില്‍ നിന്നുള്ള പിന്‍മാറ്റവും ഗൗരവതരമായി കാണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെടുന്നു.

Advertisement
Advertisement