20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Friday 26 July 2024 7:02 PM IST

കൊല്ലം :തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹൻ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി.

മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹൻ. കഴിഞ്ഞ 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2020 മേയ് മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്.

ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ച് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉൾപ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വർഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.

Advertisement
Advertisement