തിരുവനന്തപുരത്ത് യുവതിക്കുനേരെ വെടിവയ്പ്പ്; പ്രതി സഞ്ചരിച്ച കാറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: വഞ്ചിയൂരിൽ ഷിനിയെന്ന സ്ത്രീയ്ക്ക് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിൽ അക്രമി സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖം മറച്ചെത്തിയ സ്ത്രീ മൂന്നുതവണ വെടിവച്ചെന്നാണ് വീട്ടുകാർ പറയുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി പങ്കജ് എന്ന വീട്ടിലെ ഷിനിക്കാണ് പരിക്കേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷിനി പൊലീസിനോട് പറഞ്ഞത്. ഒരുതവണ ദേഹത്തേയ്ക്കും രണ്ടുതവണ നിലത്തേയ്ക്കുമാണ് വെടിവച്ചത്.
വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. എൻ ആർ എച്ച് എമ്മിലാണ് ഷിനി ജോലി ചെയ്യുന്നത്. രാവിലെ മുഖം മറച്ച സ്ത്രീ ഷിനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു. ഷിനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. എന്നാൽ ഷിനിക്ക് നേരിട്ട് മാത്രമേ പാർസൽ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു.
തുടർന്ന് ഷിനി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നെന്നാണ് ഷിനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വന്നയാളെ പരിചയമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സ്ത്രീക്ക് അത്യാവശ്യം ഉയരമുണ്ടെന്നും മെലിഞ്ഞിട്ടല്ലെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഷിനിക്ക് മിക്കവാറും കൊറിയർ വരാറുണ്ടെന്നും വീട്ടുകാർ പറയുന്നു.