കരുവന്നൂരിൽ  ഇ.ഡി  കണ്ടുകെട്ടിയ തുക  നിക്ഷേപകർക്ക് നൽകും, കാെൽക്കത്തയിലെ  റോസ്  വാലി കേസ്  മാതൃകയാവും

Sunday 11 August 2024 12:04 AM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരിൽ കുറച്ചുപേർക്കെങ്കിലും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വഴി നിക്ഷേപത്തുക തിരിച്ചുകിട്ടാൻ കൊൽക്കത്തയിലെ 'റോസ് വാലി' കേസിലെ നടപടി മാതൃകയാവും. വൻലാഭം വാഗ്ദാനം ചെയ്‌ത് നിക്ഷേപകരെ വഞ്ചിച്ച റോസ് വാലി ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ 12 കോടി രൂപ നിക്ഷേപകർക്ക് ഇ.ഡി കോടതി ഉത്തരവ് പ്രകാരം കൈമാറിയിരുന്നു.

കരുവന്നൂർ കേസ് പ്രതികളുടെ 88.58 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പി.എം.എൽ.എ കോടതിയിൽ ഇ.ഡി സമർപ്പിച്ച അപേക്ഷയിൽ അനുമതി ലഭിച്ചാൽ നിക്ഷേപകർക്ക് ഈ തുക നൽകാനാണ് നീക്കം.

നിക്ഷേപത്തട്ടിപ്പുകളിൽ വിചാരണ പൂർത്തിയായശേഷമാണ് മുമ്പ് തുക തിരികെ നൽകിയിരുന്നത്. ഇതിന് വർഷങ്ങൾ വേണ്ടിവരും. ഭേദഗതി വരുത്തിയ പി.എം.എൽ.എ നിയമത്തിലെ വകുപ്പ് എട്ട് (അനുച്ഛേദം 8) പ്രകാരം വിചാരണഘട്ടത്തിൽ തന്നെ കോടതിയുടെ അനുമതിയോടെ നിക്ഷേപത്തുക നിരിച്ചു നൽകാനാകും. ഇതുപ്രകാരമുള്ള ആദ്യ നടപടിയായിരുന്നു കൊൽക്കത്തയിലേത്.

കൊൽക്കത്ത കോടതി ഉത്തരവും നടപടികളും കരുവന്നൂരിൽ മാതൃകയാക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.

റോസ് വാലി തട്ടിപ്പ്

വൻലാഭവും റിസോർട്ടുകളിൽ സൗജന്യതാമസവും വാഗ്ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച് 15,000 കോടി രൂപ തട്ടിയെടുത്തെന്ന് ഇ.ഡിയും സി.ബി.ഐയും കണ്ടെത്തി. 14 സ്ഥിരം നിക്ഷേപങ്ങളിലെ 12 കോടി ഇ.ഡി കണ്ടുകെട്ടി.നിക്ഷേപത്തുക തിരിച്ചുകിട്ടാൻ അപേക്ഷിച്ചത് 22 ലക്ഷം പേർ. ഗ്രൂപ്പ് ചെയർമാൻ ഗൗതം കുണ്ഡുവിനെ 2015 മാർച്ചിൽ അറസ്റ്റു ചെയ്‌തു

പ്രതികൾക്കെതിരായ വിചാരണ തുടരുന്നു