പത്തനംതിട്ട നഗരസഭ ബസ്റ്റാൻഡ് യാർഡ് ചിങ്ങം ഒന്നിന് തുറക്കും

Wednesday 14 August 2024 11:44 PM IST

പത്തനംതിട്ട : നിർമ്മാണം പൂർത്തീകരിച്ച പത്തനംതിട്ട നഗരസഭ ബസ്റ്റാൻഡ് യാർഡ് ഈ മാസം 17ന് പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകും. ഔപചാരികമായ ഉദ്ഘാടനം രണ്ടാംഘട്ട പ്രവർത്തനങ്ങൾ കൂടി പൂർത്തീകരിച്ച് പിന്നീട് നടത്തും. കഴിഞ്ഞ 20 വർഷമായി കൗൺസിലുകൾക്ക് മുന്നിൽ വെല്ലുവിളി ഉയർത്തി തകർന്നു കിടന്ന യാർഡിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് നിർമ്മാണ സമയത്തെ അപാകതയാണ് യാർഡ് തുടർച്ചയായി താഴനിടയാക്കിയത്. മുമ്പ് പലപ്പോഴും യാർഡ് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിനെ ശാസ്ത്രീയ പഠനത്തിന് നിലവിലെ ഭരണസമിതി ചുമതലപ്പെടുത്തുകയായിരുന്നു. സി .ഇ .ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്‌ത്‌ ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ‌് എന്നിവ നിറച്ച് അതിനുമുകളിൽ ഇന്റർലോക്ക് പാകിയാണ് നവീകരണം നടത്തിയത്. യാർഡിൽ നിന്നും വെള്ളം പൂർണമായും ഒഴുകിപ്പോകാൻ വിപുലമായ ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിന്റെ നിലവിലെ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ രണ്ടുഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് കൗൺസിൽ തീരുമാനിച്ചത്. അമൃത് 2.0 യുടെ സ്പെഷ്യൽ അസിസ്റ്റൻസ് പദ്ധതിയിൽ അഞ്ചു കോടി രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. 75000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള സ്റ്റാൻഡിന്റെ ഏറ്റവും വലിയ യാർഡാണ് ഇപ്പോൾ പൂർത്തിയാക്കിയത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും 17ന് തുടക്കമാകും

നിലവിലെ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പത്തനംതിട്ട മാസ്റ്റർ പ്ലാനിൽ നഗരസഭ ബസ് സ്റ്റാൻഡിനും പരിസരപ്രദേശങ്ങൾക്കുമായി പ്രത്യേക പ്രോജക്ട‌് തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാക്കി സ്റ്റാൻഡിനെ മാറ്റാനാണ് ലക്ഷ്യം.

അഡ്വ. ടി. സക്കീർ ഹുസൈൻ

നഗരസഭ ചെയർമാൻ

Advertisement
Advertisement