ഉത്തരാഖണ്ഡിൽ നഴ്സിനെ മാനഭംഗപ്പെടുത്തി കൊന്നു

Saturday 17 August 2024 12:10 AM IST

ലക്‌നൗ: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊന്നതിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഉത്തരാഖണ്ഡിലും സമാന കൊലപാതകം.

നൈനിറ്റാളിലെ സ്വകാര്യ ആശുപത്രി നഴ്സായ 33കാരിയാണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. കാണാതായി ഒമ്പത് ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് എട്ടിനാണ് മൃതദേഹം കണ്ടെടുത്തത്. പ്രതിയെ രാജസ്ഥാനിൽ അറസ്റ്റ് ചെയ്‌തു.

ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം. ഉത്തർപ്രദേശിലെ ബറേലി സ്വദേശി ധർമ്മേന്ദ്രയാണ് അറസ്റ്റിലായത്. ഇയാൾ ഇവിടെ ദിവസവേതന തൊഴിലാളിയായിരുന്നു.

പതിനൊന്ന് വയസുള്ള മകളുമായി ബിലാസ്‌പുർ കോളനിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു യുവതി. ജൂലായ് 30ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയില്ല. ജൂലൈ 31ന് സഹോദരി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഓഗസ്റ്റ് എട്ടിന് വീടിന് ഒന്നര കിലോമീറ്റർ അകലെ ഉത്തർപ്രദേശ് അതി‌ർത്തിയായ ദിബ്‌ദിബ പ്രദേശത്താണ് മൃതദേഹം കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്നു. അന്വേഷണത്തിൽ ഇന്ദ്ര ചൗക്കിൽ യുവതി ഇ-റിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ പ്രതിയെ പിടികൂടിയത്.

യുവതിയെ പിന്തുടർന്ന പ്രതി വിജനമായ സ്ഥലത്തെത്തിയപ്പോൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മാനഭംഗപ്പെടുത്തി. ശേഷം സ്‌കാർഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. യുവതിയുടെ 3000 രൂപയും ഫോണും ആഭരണങ്ങളും ഇയാൾ മോഷ്‌ടിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement