ഇസ്രയേലിലെ സുരക്ഷാ ക്യാബിനറ്റ് അംഗങ്ങൾക്ക് വധ ഭീഷണി  ഗാസയിൽ മരണം 40,000 കടന്നു

Saturday 17 August 2024 7:51 AM IST

ടെൽ അവീവ്: ഇസ്രയേലിലെ സുരക്ഷാ ക്യാബിനറ്റ് അംഗങ്ങൾക്ക് ഇറാന്റെയും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെയും വധ ഭീഷണിയെന്ന് റിപ്പോർട്ട്. മന്ത്രിമാർ, ഇന്റലിജൻസ് ഓഫീസർമാർ, സൈനിക ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ഇസ്രയേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ,​ ഹിസ്ബുള്ള ഉന്നത കമാൻഡ‌ർ ഫൗദ് ഷുക്ർ എന്നിവരെ ഇസ്രയേൽ ജൂലായിൽ വധിച്ചിരുന്നു. ഇറാൻ മണ്ണിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്. രണ്ട് വധങ്ങൾക്കും പ്രതികാരമായി ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥനെ ഇറാനും ഹിസ്ബുള്ളയും ലക്ഷ്യമിട്ടേക്കുമെന്ന വിവരത്തെ തുടർന്ന് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് അതീവ ജാഗ്രതയിലാണ്. ഇറാൻ ഉടൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വധ ഭീഷണി വിവരം പുറത്തായത്. ഇതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു. വെസ്റ്റ് ബാങ്കിലെ ജിറ്റ് ഗ്രാമത്തിൽ പാലസ്തീനികൾക്ക് നേരെ ഇസ്രയേലി പൗരന്മാർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. യു.എസും ഇസ്രയേൽ സൈന്യവും ആക്രമണത്തെ അപലപിച്ചു.

അതേസമയം, ഗാസയിലെ വെടിനിറുത്തലിനായി ഈജിപ്റ്റ്, ഖത്തർ, യു.എസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ ദോഹയിൽ വ്യാഴാഴ്ച തുടങ്ങിയ ചർച്ച ഇന്നലെ താത്കാലികമായി അവസാനിപ്പിച്ചു. അടുത്താഴ്ച വീണ്ടും തുടങ്ങും. ഹമാസ് പ്രതിനിധികൾ പങ്കെടുത്തില്ല. ഇസ്രയേൽ സംഘം പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്തിനും അനുയോജ്യമായ തരത്തിൽ മാറ്റങ്ങൾ വരുത്തിയ പുതിയ വെടിനിറുത്തൽ നിർദ്ദേശം യു.എസ് ഇന്നലെ അവതരിപ്പിച്ചു.

Advertisement
Advertisement