"ഈ പ്രഹസനം ഇനിയെങ്കിലും  അവാർഡ് ജൂറി നിർത്തുക,  ഷെയിം  ഓൺ യു, സർക്കാർ ഇതിനൊരു പരിഹാരം കണ്ടെത്തണം"

Saturday 17 August 2024 5:46 PM IST

സ്ത്രീ -ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള സംസ്ഥാന പുരസ്‌കാരത്തിൽ വിമർശനവുമായി ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള അവാർഡ് ട്രാൻസ്‌ജെൻഡർ ഇല്ലെങ്കിൽ മാത്രം മറ്റുള്ളവർക്ക് കൊടുത്താൽ പോരേയെന്ന് താരം ചോദിക്കുന്നു. "ഈ പ്രഹസനം ഇനി എങ്കിലും അവാർഡ് ജൂറി നിർത്തുക, ഷെയിം ഓൺ യു, സർക്കാർ ഇതിനൊരു പരിഹാരം കണ്ടെത്തണം" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഞ്ജലി അമീറിന്റെ വാക്കുകൾ


ഹായ് നമസ്‌കാരം, ഞാൻ അഞ്ജലി അമീർ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം സംസാരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ കാറ്റഗറിയിൽ ഞാനും നോമിനിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം പറയണമെന്ന് തോന്നിയത്.

എന്താണെന്നുവച്ചാൽ പ്രധാന നായിക, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി, സഹനടി അങ്ങനെ ഒരുപാട് കാറ്റഗറിയിൽ സ്ത്രീകൾക്കും പുരുഷനും അവാർഡുകൾ ലഭിക്കുന്നുണ്ട്. അതിനിടയിൽ ട്രാൻസ്‌ജെൻഡർ കാറ്റഗറിയിൽ സ്ത്രീ എന്നുകൂടെ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിൽ ട്രാൻസ്‌ജെൻഡർ എന്ന് വേറൊരു കാറ്റഗറിയിൽ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാൻ വേണ്ടി സർക്കാർ ഉൾപ്പെടുത്തിയതെന്ന് എനിക്ക് മനസിലാകാത്ത കാര്യമാണ്.

2022ൽ നേഹ എന്ന കുട്ടിക്ക് അന്തരം എന്ന സിനിമയ്ക്ക് ട്രാൻസ്‌ജെൻഡർ കാറ്റഗറിയിൽ അവാർഡ് നൽകിയിരുന്നു. അതല്ലാതെ കഴിഞ്ഞ വർഷമാകട്ടെ, ഈ വർഷമാകട്ടെ ഇങ്ങനെ തഴയപ്പെടുകയാണ്. കഴിഞ്ഞ വർഷം ഞങ്ങൾ കുറേപ്പേർ ഉണ്ടായിരുന്നു. അപ്പോഴും സ്ത്രീകൾക്കാണ് കൊടുത്തത്. ഇത്രയും അവാർഡുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും കൊടുക്കുന്ന സംവിധാനത്തിൽ എന്തിനുവേണ്ടിയാണ് പ്രഹസനമെന്നപോലെ ട്രാൻസ്‌ജെൻഡർ സ്ത്രീ എന്ന് ഉൾപ്പെടുത്തി, ഒരു അവാർഡ് ഏർപ്പെടുത്തിയിട്ട് ബാക്കിയുള്ള സ്ത്രീകൾക്ക് കൊടുക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഇതിനെക്കുറിച്ച് സംസാരിക്കേണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ നാളെ ഇതുപോലെ എൽജിബിടി കമ്യൂണിറ്റിയെപ്പറ്റി സിനിമ ചെയ്യുന്ന സംവിധായകർക്ക് പ്രചോദനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുക. സർക്കാരിനോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, ട്രാൻസ്‌ജെൻഡർ കാറ്റഗറിയിൽ ട്രാൻസ്‌ജെൻഡറുകൾ ഇല്ലെങ്കിൽ മാത്രം ഒരു സ്ത്രീക്ക് ഈ അവാർഡ് കൊടുത്താൽ പോരെ.

നിങ്ങൾ ഇത്രയും തരംതാഴുന്ന പ്രവൃത്തി ചെയ്യുന്നതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല. ആലോചിച്ച് ചെയ്യാമായിരുന്നു. ഇങ്ങനെയൊരു അവാർഡ് തഴയേണ്ട കാര്യമോ, കൊടുക്കാതിരിക്കേണ്ട കാര്യമോ ഇല്ല എന്ന് തോന്നുന്നു. അത്യാവശ്യം നന്നായി തന്നെ ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

ഇങ്ങനെയുള്ള സമയത്ത് ജൂറി കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് ഒരു സ്ത്രീക്ക് കൊടുക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ട്രാൻസ്‌ജെൻഡർ സ്ത്രീ എന്നുണ്ട്. ട്രാൻസ്‌ജെൻഡർ ഇല്ലെങ്കിൽ മാത്രം സ്ത്രീക്ക് കൊടുത്താൽ പോരേ.

Advertisement
Advertisement