ക്രൈംബ്രാഞ്ചിന് തിരിച്ചടി, സ്വാമി ഗംഗേശാനന്ദ കേസ്: കുറ്റപത്രം കോടതി മടക്കി

Sunday 18 August 2024 12:34 AM IST

കുറ്റപത്രത്തിൽ സീൻമഹസറടക്കം രേഖകളില്ല

തിരുവനന്തപുരം:നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കിയത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കുറ്റപത്രം മടക്കിയത്.

ആദ്യം കേസ് അന്വേഷിച്ച പേട്ട പൊലീസ് തയ്യാറാക്കിയ സീൻമഹസർ അടക്കം രേഖകൾ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കുറ്റപത്രം അപൂർണമാണെന്ന് കോടതി വിലയിരുത്തി. കോളിളക്കം സൃഷ്ടിച്ച കേസിലാണ് ക്രൈംബ്രാഞ്ച് അശ്രദ്ധമായി കുറ്റപത്രം തയ്യാറാക്കിയത്. 2020ൽ ഗംഗേശാനന്ദ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ, തന്നെ കേസിൽ കുടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥരടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വീട്ടിൽ പൂജയ്ക്കെത്തുന്ന സ്വാമിയുടെ നിരന്തരം പീഡനം സഹിക്കാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ 2017മേയ് 19നാണ് സംഭവം. പുലർച്ചെ കൃത്യത്തിനു ശേഷം പുറത്തേക്ക് ഓടിയ പെൺകുട്ടിയെ ഫ്ലൈയിംഗ് സ്‌ക്വാഡാണ് സ്റ്റേഷനിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴിയിലാണ് ഗംഗേശാനന്ദയ്ക്കെതിരേ പീഡനക്കേസെടുത്തത്. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും പെൺകുട്ടി ഇത് ആവർത്തിച്ചു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സ്വാമി സ്വയം ലിംഗം ഛേദിച്ചതാണെന്നും അറിയിച്ചു. പിന്നീട് നിലപാട് മാറ്റിയ സ്വാമി, ഉറങ്ങിക്കിടന്ന തന്നെ ഒരുകൂട്ടം ആളുകൾ ആക്രമിച്ച് ലിംഗം മുറിച്ചതാണെന്ന് പറഞ്ഞു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പെൺകുട്ടിയും തന്റെ മുൻശിഷ്യനായ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധത്തെ സ്വാമി എതിർത്തതാണ് കാരണമെന്ന് കണ്ടെത്തി. സംഭവദിവസം ഇരുവരും കൊല്ലം ബീച്ചിൽ കണ്ടപ്പോൾ അയ്യപ്പദാസ് കത്തി നൽകിയെന്ന് കണ്ടെത്തി.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിലാണ് പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിന് പെൺകുട്ടിക്കും അയ്യപ്പദാസിനും എതിരെയും കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Advertisement
Advertisement