ടൂറിസ്റ്റ് ബസ് വെള്ള തുടരും ; ടെസ്റ്റ് വാഹനങ്ങൾക്ക് മഞ്ഞ

Sunday 18 August 2024 12:44 AM IST

തിരുവനന്തപുരം:ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങി. വിഷയം ഔദ്യോഗിക അജണ്ടയായി സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം (എസ്.ടി.എ) പരിഗണിച്ചെങ്കിലും വെള്ള തുടരാൻ തന്നെ തീരുമാനിച്ചു. അതേസമയം ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ സ്‌കൂൾ ബസുകളെ പോലെ മഞ്ഞ നിറത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
ഒൻപത് പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ബസുകളിലെ ബഹുവർണ്ണങ്ങളും സിനിമാ നടൻമാരുടെയും മറ്റും കൂറ്റൻഗ്രാഫിക് ചിത്രങ്ങളും രാത്രികാഴ്‌ചയ്ക്ക് പ്രയാസമുണ്ടാക്കുന്നതിനാലാണ് വെള്ള നിറമാക്കിയത്. മന്ത്രി മാറിയതോടെയാണ് ബസുകളുടെ നിറം മാറ്റാനും നീക്കമുണ്ടായത്. നിറംമാറ്റത്തെ ഒരു വിഭാഗം ബസുമടകൾ അനുകൂലിച്ചപ്പോൾ മറ്റൊരു വിഭാഗം എതിർത്തെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശം കൂടി കണക്കിലെടുത്താണ് വെള്ള നിറം തുടരാൻ തീരുമാനിച്ചത്.
ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെ നിറം ഏകീകരണവും ഔദ്യോഗിക അജണ്ടയായാണ് യോഗം പരിഗണിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് നിറം മാറ്റം ബാധകമല്ല.
നിലവിൽ പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പലതരം വാഹനങ്ങളിൽ 'എൽ' ബോർഡ് വയ്‌ക്കുകയോ സ്‌കൂളിന്റെ പേര് എഴുതുകയോ വാഹനത്തിന് മുകളിൽ പിരമിഡ് പോലുള്ള ബോർഡ് വയ്‌ക്കുകയോ ആണ് ചെയ്യുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന്റെ പേരിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ ഉടമകൾക്കെതിരെയുള്ള നീക്കമാണിതെന്ന ആക്ഷേപവുമുണ്ട്. നിറം മാറ്റുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് സ്‌കൂൾ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് ഏതാണ്ട് 32,000 പരിശീലന വാഹനങ്ങളാണുള്ളത്.

Advertisement
Advertisement