10 ട്രെയിനുകള്‍ നിര്‍മാണത്തില്‍; വന്ദേഭാരത് സ്ലീപ്പര്‍ എപ്പോള്‍ ഓടിത്തുടങ്ങുമെന്ന് വ്യക്തമാക്കി റെയില്‍വേ

Sunday 18 August 2024 6:32 PM IST
പ്രതീകാത്മക ചിത്രം

ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ കാലമാണ് റെയില്‍വേയില്‍ ഇപ്പോള്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നെണ്ണം ഉള്‍പ്പെടെ 75 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് ഐസിഎഫ് നാളിതുവരെ നിര്‍മിച്ചത്. ഇപ്പോള്‍ യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യങ്ങളുടെ കാര്യത്തില്‍ വന്ദേഭാരതിനെ കടത്തിവെട്ടുന്ന ഈ ശ്രേണിയിലുള്ള സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് വേണ്ടിയാണ്. നിര്‍മാണം പുരോഗമിക്കുന്നു, ഉടന്‍ ട്രാക്കിലേക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കുറച്ച് നാളുകളായി കേള്‍ക്കുന്നു. ഈ വിഷയത്തില്‍ കൃത്യമായ ഉത്തരം നല്‍കുകയാണ് റെയില്‍വേ തന്നെ ഇപ്പോള്‍.

24 കമ്പാര്‍ട്‌മെന്റുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിനുകള്‍ 2026 ഓഗസ്റ്റ് മാസത്തില്‍ സര്‍വീസ് നടത്തുന്നതിനായി പുറത്തിറങ്ങുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. 10 ട്രെയിനുകളുടെ നിര്‍മാണം പുരോഗമിക്കുന്നതായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുബ്ബറാവു അറിയിച്ചു. 16 കോച്ചുകളുള്ള ട്രെയിനുകളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇതിലെ ആദ്യത്തെ ട്രെയിന്‍ ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ കൃത്യമായ സമയം വ്യക്തമാക്കിയില്ല.

2019ല്‍ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ചെയര്‍ കാര്‍ മോഡലിലെ 75 ട്രെയിനുകള്‍ ജൂലായ് മാസം വരെ നിര്‍മിച്ചു. 12 കോച്ചടങ്ങിയ വന്ദേമെട്രോയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി വെസ്റ്റേണ്‍ റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു.ആധുനിക സൗകര്യങ്ങളോടുകൂടിയ 22 സ്ലീപ്പര്‍ കോച്ചടങ്ങിയ ആദ്യ അമൃത് ഭാരത് ട്രെയിന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയിരുന്നു. യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുമായി നടപ്പ് സാമ്പത്തികവര്‍ഷം 3457 കോച്ച് നിര്‍മിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു കൂട്ടിച്ചേര്‍ത്തു.

ഐസിഎഫാണ് വന്ദേഭാരതിന് രൂപം നല്‍കി നിര്‍മിച്ചത്. നിരവധി രാജ്യങ്ങള്‍ വന്ദേഭാരത് ട്രെയിനിനായി ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയടക്കമുള്ള സവിശേഷതകളാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. തുടര്‍ന്ന് ട്രെയിനിന്റെ കയറ്റുമതി സാദ്ധ്യതകളും പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement