ഒ.എൻ.വിയുടെ 'മാധവി'യായി കൊച്ചു മകൾ അമൃത

Monday 19 August 2024 12:00 AM IST

കൊച്ചി: മഹാഭാരതകഥയെ ആധാരമാക്കി മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി രചിച്ച 'സ്വയംവരം' എന്ന കൃതിക്ക് കൊച്ചുമകൾ അമൃത ജയകൃഷ്ണന്റെ ഭരതനാട്യ ഭാഷ്യമായി 'മാധവി'.

23ന് വൈകിട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് പരിപാടി.പ്രവേശനം സൗജന്യം.

മഹാഭാരതം ഉദ്യോഗപർവ്വത്തിലെ മാധവിയുടെ ദുര്യോഗമാണ് സ്വയംവരത്തിന്റെ ഇതിവൃത്തം. ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെ പ്രതീകമാണ് മാധവി. നിത്യകന്യകയായി ജീവിക്കാൻ ആഗ്രഹിച്ച മാധവിയെ പിതാവ് യയാതി മഹാരാജാവ്, വിശ്വാമിത്രന്റെ ശിഷ്യനായ ഗാലവന് ദാനമായി നൽകുന്നതോടെ മാധവിയുടെ ദുര്യോഗമായി. വിശ്വാമിത്രന് ഗുരുദക്ഷിണ നൽകാൻ ലക്ഷണമൊത്ത 800 വെള്ളക്കുതിരകളെ ആവശ്യപ്പെട്ടാണ് ഗാലവൻ യയാതിയെ സമീപിച്ചത്. തന്റെ പക്കൽ കുതിരകൾ ഇല്ല, പകരം തന്റെ മകൾക്ക് താങ്കളെ സഹായിക്കാനാകും എന്ന് പറഞ്ഞ് മാധവിയെ ഗാലവനൊപ്പം അയച്ചു.

ഗാലവൻ മാധവിയെ ഒരു വർഷം വീതം മൂന്ന് രാജാക്കന്മാർക്ക് പണയപ്പെടുത്തി ഓരോരുത്തരിൽ നിന്നും 200 കുതിരകളെ വാങ്ങി. ആ മൂന്ന് പേരിൽ നിന്നും ഗർഭം ധരിച്ച് പ്രസവിക്കാൻ വിധിക്കപ്പെട്ട മാധവിക്ക് നഷ്ടമായത് ജീവിതവ്രതമാണ്. ഗാലവൻ ലക്ഷ്യം നേടിയില്ലെങ്കിലും 600 കുതിരകളെ കിട്ടിയപ്പോൾ അദ്ദേഹം മാധവിയെ പിതാവിന് തിരിച്ചേല്പിച്ചു. തുടർന്ന് യയാതി അവളുടെ വിവാഹം നിശ്ചയിച്ചെങ്കിലും മാധവി വനവാസം തെരഞ്ഞെടുത്തു... മഹാഭാരതത്തിൽ അധികം ചർച്ചചെയ്യപ്പെടാത്ത മാധവിയുടെ കഥ ആധുനികകാലത്തെ നാടകത്തിലൂടെയും കവിതകളിലൂടെയുമാണ് മലയാളികൾക്ക് പരിചിതമായത്.

ഒ.എൻ.വിയുടെ മകളും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഗൈനക്കോളജിസ്റ്രുമായ ഡോ. മായാദേവിയുടെ മകളാണ് അമൃത ജയകൃഷ്ണൻ. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് ബിരുദം നേടിയ അമൃതയ്ക്ക് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമാണ് കമ്പം. ഇന്ത്യയിലും യൂറോപ്പിലും നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2019ൽ അമൃത സ്ഥാപിച്ച 'ലണ്ടൻ അടവ്' എന്ന നൃത്തക്കളരി ലണ്ടനിൽ 250ൽപ്പരം ശിഷ്യരെ ലാഭേച്ഛയില്ലാതെ ഭരതനാട്യം പഠിപ്പിച്ചു.

Advertisement
Advertisement