പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു; ശേഖരിച്ച് വച്ചവര്‍ക്കും പണി കിട്ടും

Monday 19 August 2024 12:02 AM IST
പ്രതീകാത്മക ചിത്രം

കോട്ടയം: റെക്കാഡ് പുതുക്കി 250 രൂപയും കടന്ന് കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍ താഴേക്ക് നീങ്ങി. കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബര്‍ വിപണിയിലെത്തിയതാണ് വില കുറയാന്‍ ഇടയാക്കിയത്. ടയര്‍ ലോബി വാങ്ങല്‍ നിറുത്തിയതോടെ വില 239 രൂപയിലേക്ക് താഴ്ന്നു. ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഈ മാസം വിപണിയിലെത്തും. വില കൂടുമെന്ന പ്രതീക്ഷയില്‍ ഷീറ്റ് പിടിച്ചുവെച്ച വ്യാപാരികളും ഇതോടെ ചരക്ക് വില്‍ക്കുന്നതിനാല്‍ വില ഇനിയും ഇടിയുമെന്ന ഭീതിയേറി.

റബര്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ടയര്‍ ലോബി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. തോരാമഴയില്‍ ടാപ്പിംഗ് കുറഞ്ഞതിനാല്‍ ഷീറ്റ് ഉണക്കാനും കഴിഞ്ഞിരുന്നില്ല. ഇല പൊഴിച്ചില്‍ ഉത്പാദനം കുറച്ചതോടെ ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല. ടാപ്പിംഗ് സജീവമാകുന്നതോടെ വില ഇനിയും ഇടിഞ്ഞാല്‍ ചെറുകിട കര്‍ഷകര്‍ കഷ്ടത്തിലാകും.

രണ്ടാഴ്ചക്കുള്ളില്‍ 30 രൂപയുടെ കൂടിയതിന് ശേഷമാണ് വില ഇടിഞ്ഞത്. ബാങ്കോക്ക് വില 204 രൂപയിലേക്ക് ഉയര്‍ന്നു.ഇതോടെ രാജ്യാന്തര വിലയുമായുള്ള വ്യത്യാസം 35 രൂപയിലേക്ക് താഴ്ന്നു.

കര്‍ഷകരെ ബുദ്ധിമുട്ടിച്ച് ടയര്‍ ലോബി കള്ളക്കളി നടത്തുകയാണ്. മെച്ചപ്പെട്ട വില ലഭിക്കാന്‍ കൃഷിക്കാര്‍ ലാറ്റക്‌സിലേക്ക് തിരിയാതെ ഷീറ്റീലേക്ക് മടങ്ങി വരണം.

ജോര്‍ജ് വാലി, പ്രസിഡന്റ്

റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍

.

2023-24

റബര്‍ ഉത്പാദനം -857000 മെട്രിക്ക് ടണ്‍

ഉപഭോഗം - 1416000 മെട്രിക്ക് ടണ്‍

ഇറക്കുമതി - 492682 മെട്രിക്ക് ടണ്‍

കയറ്റുമതി - 4199 മെട്രിക്ക് ടണ്‍

(റബര്‍ ബോര്‍ഡ് കണക്ക്)

Advertisement
Advertisement