ഒടുവിൽ ഇതിനും തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും, ജനപ്രിയ തൊഴിൽ മേഖലയിൽ നിന്ന് കർഷകർ പിൻവാങ്ങുന്നു

Monday 19 August 2024 3:50 AM IST

കൊടുങ്ങല്ലൂർ : തീറ്റ സാമഗ്രികളുടെ വിലവർദ്ധനവും അധികരിച്ച മൃഗ ചികിത്സാ ചെലവുകളും മൂലം ക്ഷീര കർഷകർ പശുവളർത്തൽ ഉപേക്ഷിക്കുന്നു.

കാലിത്തീറ്റ, വൈയ്‌ക്കോൽ ഉൾപ്പടെയുള്ളവയുടെ വില വർദ്ധനവാണ് ക്ഷീര കർഷകർക്ക് വിലങ്ങ് തടിയാകുന്നത്. തീറ്റയുടെ വില കർഷകർക്ക് താങ്ങാവുന്നതിലപ്പുറമാണ്. ഇതുമൂലം കർഷകർക്ക് അദ്ധ്വാനത്തിന് അനുസൃതമായ വേതനം ലഭ്യമാകുന്നില്ലെന്നാണ് ക്ഷീര കർഷകരുടെ പരാതി. ഒരു വർഷം മുമ്പുണ്ടായിരുന്ന ക്ഷീര കർഷകരുടെ എണ്ണം ഇപ്പോൾ നേർപകുതിയായിരിക്കയാണ്. ഇത് നാടൻ പാലിന്റെ ക്ഷാമത്തിനും കാരണമാക്കുന്നു. നാടൻപാൽ ലഭിക്കാതെ വരവ് പാലിനെ ആശ്രയിക്കുകയാണ് ജനങ്ങൾ. നാടൻ പാൽ ലഭ്യമാകാതെ പാൽ സൊസൈറ്റികളും പ്രതിസന്ധിയിലാണ്.

സർക്കാർ തലത്തിൽ ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും സാധാരണ ക്ഷീരകർഷകർക്ക് തുണയാകുന്നില്ല. കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ, കറവപ്പശു, പാലിന് സബ്‌സിഡി എന്നിവയുണ്ട്. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാൻ സർക്കാർ സബ്‌സിഡി അനുവദിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.

മൃഗ ചികിത്സ വലിയ പ്രതിസന്ധി
ക്ഷീര കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് മൃഗ ചികിത്സയാണ്. ഡോക്ടറെ കാണുന്നതും സ്ഥലത്ത് കൊണ്ടുവന്ന് പശുവിനെ പരിശോധിപ്പിക്കുന്നതും വൻ ചെലവാണ് കർഷകർക്കുണ്ടാക്കുന്നത്. മിക്കപ്പോഴും സ്ഥലത്ത് വന്ന് പരിശോധിക്കുന്ന ഡോക്ടർക്ക് ഫീസ് 300 രൂപ നൽകേണ്ടി വരുന്നു. ഡോക്ടറെ കൊണ്ടുവരുന്ന ഓട്ടോയ്ക്ക് നൽകുന്ന ചാർജ് വേറെ. പുറത്തു നിന്നായിരിക്കും അധികവും മരുന്ന് എഴുതുന്നത്. അതിനും വലിയൊരു തുക ചെലവാകും.

കഴിഞ്ഞ വർഷം സംഘത്തിന്റെ മൂന്നു സെന്ററുകളിലായി 500 ലിറ്ററിലധികം പാൽ അളന്നിരുന്നു. ഇപ്പോളത് 230 ലിറ്ററായി ചുരുങ്ങി.
- ബിജോയ് കിഷോർ
(മേത്തല കണ്ടംകുളം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്)

Advertisement
Advertisement