ഡോക്‌ടർ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ഏഴ് മാസമായി അനുഭവിക്കുകയാണ്; പരാതിയുമായി ഡെന്റൽ വിദ്യാർത്ഥിനി

Monday 19 August 2024 10:05 AM IST

ചണ്ഡിഗഡ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഹരിയാനയിലെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ (പിജിഐഎംഎസ്) ദന്തൽ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. അനാട്ടമി വിഭാഗത്തിലെ ഡോക്ടർമാരിൽ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.


'ഡോക്ടർ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം വർഷ വിദ്യാർത്ഥിനി പരാതി നൽകിയത്.'- റൊഹ്തക്കിലെ ഡെപ്യൂട്ടി സൂപ്രണ്ട് വിരേന്ദ്ര സിംഗ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനാണ് പെൺകുട്ടി ആക്രമണത്തിനിരയായത്.

പി ജി ഐ എം എസിൽ നിന്നാണ് പ്രതി പെൺകുട്ടിയെ ചണ്ഡീഗഡിലേക്ക് കടത്തിക്കൊണ്ടുപോയത്. അവിടെവച്ചാണ് ആക്രമിച്ചത്. എന്നാൽ ഇരയുടെ മൊഴിയിൽ നിന്നോ, അന്വേഷണത്തിൽ നിന്നോ ഇതുവരെ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടി ഒരു വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ കരഞ്ഞുകൊണ്ട് മുറിവുകൾ കാണിക്കുകയാണ് പെൺകുട്ടി. കഴിഞ്ഞ ഏഴ് മാസമായി താൻ പീഡനം നേരിടുന്നുണ്ടെന്ന് വീഡിയോയിൽ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചാൽ അറ്റൻഡൻസ് കുറയ്ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറയുന്നു.


സംഭവത്തിന് പിന്നാലെ ആശുപത്രി ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisement
Advertisement