ആവശ്യക്കാരേറെയുള്ള ഇല, നട്ട് 90 ദിവസം കൊണ്ട് ആദ്യ വിളവെടുപ്പ്; മാസം ലക്ഷങ്ങൾ പോക്കറ്റിലാകും

Monday 19 August 2024 11:19 AM IST

കുന്നത്തൂർ: ജൈവ കൃഷിയിൽ നൂറുമേനി വിളിയിച്ച് കോവൂരിലെ സഹോദരന്മാർ. മണ്ണറിഞ്ഞ് എല്ലുമുറിയെ പണിയെടുത്തപ്പോൾ വിളവും പിന്നാലെയെത്തി. മൈനാഗപ്പള്ളി കോവൂർ നെടുന്തറയിൽ വീട്ടിൽ സുഗതൻ, സോമൻ, സുരേന്ദ്രൻ എന്നിവരാണ് നാടിന് മാതൃകയായത്.

മറ്റ് സഹോദരന്മാരായ സുദേവൻ, സുരേശൻ, സുരേഷ് എന്നിവരും സഹായവുമായി ഒപ്പമുണ്ട്. ഒരേ കോമ്പൗണ്ടിലാണ് എല്ലാവരുടെയും വീടുകൾ. അഞ്ച് ഏക്കറോളം ഭൂമിയിലാണ് കൃഷി. തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, കുരുമുളക്, പയർ, പാവൽ, കോവൽ, വെണ്ട, വെള്ളരി, വഴുതന, മുളക്, ചീര, ശീമക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് പ്രധാന വിളകൾ.

മൂത്തയാളായ സുഗതന്റെ നിർദ്ദേശപ്രകാരമാണ് മറ്റുള്ളവരുടെ പ്രവർത്തനം. സുഗതൻ വെറ്റില കൃഷി നോക്കുമ്പോൾ സോമൻ പച്ചക്കറിയുടെ മേൽനോട്ടം വഹിക്കും. പശുക്കളുടെ ചുമതല സുരേന്ദ്രനാണ്. വെണ്ട, പയർ, കോവൽ, വെളളരി എന്നിവ ഓണത്തിന് വിളവെടുക്കാൻ പാകമായി.

ജൈവ കൃഷിയായതിനാൽ ആവശ്യക്കാരുടെ തിരക്കാണ് എപ്പോഴും. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സഹോദരന്മാരെ തേടിയെത്തിയിട്ടുണ്ട്. 2009 മുതൽ 2024 വരെ മൈനാഗപ്പള്ളി പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരവും രണ്ട് തവണ ബ്ലോക്ക്‌ തല പുരസ്കാരവും സോമനെ തേടിയെത്തിയിട്ടുണ്ട്.

ഏറ്റവും വലിയ വെറ്റില കർഷകർ

ജില്ലയിലെ ഏറ്റവും വലിയ വെറ്റില കർഷകർ കൂടിയാണ് നെടുന്തറക്കാർ. മൂവായിരം മൂട് വെറ്റിലയിൽ നിന്ന് മാസം ഒരു ലക്ഷം രൂപയാണ് വരുമാനം.15 പശുക്കൾ, 150 കോഴികൾ, മീൻവളർത്തൽ എല്ലാമുണ്ട്. സ്വന്തമായി വിത്ത് ഉത്പാദിപ്പിച്ച് കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ രീതി. രണ്ടര മാസം കൊണ്ട് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്.

Advertisement
Advertisement