കാശ്‌മീരിൽ ഒരു കാർഷിക വിപ്ളവം നടന്നുകൊണ്ടിരിക്കുകയാണ്, ചെറുപാടങ്ങൾ പോലും കാശ് കൊയ്യുന്നു, സമ്പന്നർ വർദ്ധിക്കുന്നു

Monday 19 August 2024 4:07 PM IST

കുങ്കുമപ്പൂവിന് പേരുകേട്ട കാശ്‌മീർ താഴ്‌വരയിൽ മറ്റൊരു സുഗന്ധവിപ്ളവം പൂവിടുകയാണ്. ലാവൻഡർ കൃഷിയിലേക്കാണ് കാശ്‌മീരിലെ കർഷകർ തിരിഞ്ഞിരിക്കുന്നത്. സർക്കാരിന്റെ പൂർണപിന്തുണയോടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ താഴ്‌വരയിലെ കർഷകർ ലാവൻഡർ വിസ്‌മയം നിറച്ചുകഴിഞ്ഞു.

യൂറോപ്പിലെ പാടങ്ങളിൽ ഒതുങ്ങിയിരുന്ന ലാവൻഡർ കൃഷി ഇപ്പോൾ റിയാസി, കത്വ, ഉധംപൂർ ജില്ലകളെ സുഗന്ധപൂരിതവും, അവിടുത്തെ ഗ്രാമീണർക്ക് മികച്ച വരുമാനവും ഒരുക്കുകയാണ്. സുഗന്ധ സസ്യങ്ങൾ കൃഷി ചെയ്യാൻ മിതശീതോഷ്ണമായ വേനൽക്കാലവും, ശൈത്യകാലവുമുള്ള അനുയോജ്യമായ കാലാവസ്ഥയാണ് ജമ്മു കാശ്‌മീരിലുള്ളത്.

വളരെ പ്രതീക്ഷ നൽകുന്നതാണ് ഈ ഉദ്യമമെന്ന് ജമ്മു അഗ്രികൾച്ചർ ഡയറക്ടർ എസ് അർവീന്ദർ സിംഗ് പ്രതികരിക്കുന്നു. താഴ്‌വരയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ലാവൻഡർ കൃഷി വിപുലീകരിക്കും. താഴ്വരയുടെ കാർഷിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തെ സൂചിപ്പിക്കുന്നതെന്നും അർവീന്ദ‌ർ പറഞ്ഞു.

ഒരുകാലത്ത് ചോളം, ഗോതമ്പ് തുടങ്ങിയ പ്രധാന വിളകളുടെ കൃഷിയെ ആശ്രയിച്ചിരുന്ന കർഷകർ ഇപ്പോൾ ലാവൻഡർ ചെടികളുടെ നിരകളിലേക്ക് തിരിഞ്ഞുകഴിഞ്ഞു. തലമുറകളായി കാശ്‌മീരിൽ കൃഷി ചെയ്യുന്നു കുടുംബമാണ് അബ്ദുൾ റാഷിദ് എന്ന കർഷകന്റേത്. "തുടക്കത്തിൽ, ഞങ്ങൾക്ക് മടുപ്പായിരുന്നു", വർഷങ്ങളുടെ അധ്വാനം കൈകളെ പരുപരുത്തതാക്കി. വിദേശിയായ ലാവൻഡർ ഇവിടെ വളർത്തുന്നത് അപകടമാണോയെന്ന് സംശയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലാവൻഡറിനുള്ള വിപണിയുടെ സ്വാഗതം കാണുമ്പോൾ ഞങ്ങൾ ശരിയായ തിരഞ്ഞെടുപ്പാണ് നടത്തിയതെന്ന് മനസിലാകുന്നു''.

ജമ്മു കശ്മീരിലെ ലാവൻഡർ കൃഷിയുടെ ഉയർച്ച സാമ്പത്തിക നേട്ടത്തിൽ മാത്രം ഊന്നിയല്ല. അത് സാമ്പത്തിക പ്രതിരോധശേഷിയെയും നവീകരണത്തെയും കൂടിയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ അസ്വസ്ഥത മുതൽ സാമ്പത്തിക അസ്ഥിരത വരെയുള്ള എണ്ണമറ്റ വെല്ലുവിളികൾ കാശ്‌മീരിലെ കർഷകർ നേരിട്ടിട്ടുണ്ട്. എന്നിട്ടും, ലാവൻഡർ എന്ന പുതുകൃഷി അവതരിപ്പിച്ചുകൊണ്ട് വരുമാനം വൈവിദ്ധ്യവൽക്കരിക്കാനും, ഭാവി സുരക്ഷിതമാക്കാനുമുള്ള വഴി അവർ കണ്ടെത്തി. ലാവൻഡറിനും അതിന്റെ ഉപോൽപ്പന്നങ്ങൾക്കുമുള്ള ആവശ്യം കേന്ദ്രഭരണ പ്രദേശത്തിനകത്തും പുറത്തും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സാദ്ധ്യത തിരിച്ചറിഞ്ഞ്, റാഷിദിനെപ്പോലുള്ള കർഷകർ ലാവൻഡർ നഴ്സറികൾ സ്ഥാപിച്ചു കഴിഞ്ഞു. ഇത് കാശ്‌മീരിലെ കാർഷിക സമ്പ്രദായത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നിർണായക നടപടിയാണ്. ഇത്തരം നഴ്‌സറികൾ പ്രാദേശിക തലത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് തൈകൾ വിതരണം ചെയ്യുന്നുമുണ്ട്.

കർഷകരുടെ ശ്രമങ്ങൾക്ക് പിന്തുണയേകുന്ന സർക്കാർ, കൃഷി ലാഭത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ ഇടപെടലും വിപണയിൽ നടത്തുന്നുണ്ട്. കർഷകർക്കുള്ള പരിശീലന പരിപാടികൾ, ലാവൻഡർ ഓയിൽ വേർതിരിച്ചെടുക്കുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സഹായം, പ്രാദേശിക കർഷകരും ഇന്ത്യയിലുടനീളമുള്ള വിപണികളും തമ്മിലുള്ള ബന്ധം സുഗമമാക്കുക എന്നിവ ഉൾപ്പെടെ സർക്കാരിന്റെ പിന്തുണ അനുമോദനമർഹിക്കുന്നതാണ്.

ലാവൻഡർ പാടങ്ങൾ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ സ്വാധീനം വ്യക്തമാണ്. ഉധംപൂരിൽ ചെറിയ സഹകരണ സംഘങ്ങൾ വളർന്നുകഴിഞ്ഞു. ഇത് കർഷകരെ വിഭവങ്ങളും അറിവും ശേഖരിക്കാൻ അനുവദിക്കുകയും, വളർന്നുവരുന്ന ഈ വ്യവസായത്തിൽ നിന്ന് ഏറ്റവും ചെറിയ കർഷകന് പോലും പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട വില ലഭിക്കുന്നതിനും കാർഷിക ഉപകരണങ്ങൾ പങ്കിടുന്നതിനും സർക്കാർ സബ്സിഡികൾ ലഭ്യമാക്കുന്നതിനും സഹകരണസംഘങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.


പരിവർത്തനം സാമ്പത്തികം മാത്രമല്ല, സാംസ്കാരികവും കൂടിയാണെന്ന് കാശ്‌മീരിലെ യുവകർഷകർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ലാവൻഡർ ശാന്തിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകം കൂടിയാണ്. ഒരിക്കൽ പൂർണമായും പ്രവർത്തനക്ഷമമായിരുന്ന വയലുകൾ പിന്നീട് അതിജീവിക്കാൻ ആവശ്യമായവ മാത്രം വളർത്തിയിരുന്നതിലേക്ക് മാറി. അവ ഇപ്പോൾ സൗന്ദര്യത്തിന്റെയും അഭിമാനത്തിന്റെയും സ്ഥലങ്ങൾ കൂടിയാണ്.

പ്രാദേശിക ഉത്സവങ്ങളിലും വിപണികളിലും ലാവൻഡർ ചേർത്ത മധുരപലഹാരങ്ങൾ മുതൽ കൈകൊണ്ട് നിർമ്മിച്ച സോപ്പുകളും എണ്ണകളും വരെ പ്രദർശിപ്പിക്കാൻ തുടങ്ങി. കഷ്ടപ്പാടുകൾ അനുഭവിച്ച ഒരു പ്രദേശത്തെ ജനതയ്‌ക്ക് പർപ്പിൾ പൂക്കൾ പ്രതിരോധത്തിന്റെയും നവീകരണത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു.

റിയാസി, കത്വ, ഉധംപൂർ എന്നിവിടങ്ങളിലെ ലാവൻഡർ വയലുകൾ ഒരു കാർഷിക വിജയഗാഥയെ ധ്വനിപ്പിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവരുടെ ഭൂമിയിൽ നിന്ന് ഇനിയും പൊന്ന് വിളയിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ലാവൻഡ‌ർ പൂക്കൾ നൽകുകയാണ്. ഇപ്പോൾ ഈ താഴ്വരകളിലൂടെ ഒഴുകുന്ന ലാവൻഡറിന്റെ സുഗന്ധം, പുരോഗതിയുടെ സുഗന്ധം കൂടിയാണ്.

Advertisement
Advertisement