രക്ഷാബന്ധൻ ആഘോഷിച്ച് രാജ്യം, മോദിക്ക് രാഖി അണിയിച്ച് സ്‌കൂൾ കുട്ടികൾ

Tuesday 20 August 2024 4:10 AM IST

ന്യൂഡൽഹി : സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഉദ്ഘോഷിക്കുന്ന രക്ഷാബന്ധൻ ഇന്നലെ രാജ്യത്ത് സമുചിതമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നെത്തിയ സ്‌കൂൾ വിദ്യാർത്ഥിനികൾ രാഖി അണിയിച്ചു. 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ആഘോഷം.

ജാർഖണ്ഡിലെ 30 അംഗ വിദ്യാർത്ഥി സംഘം മോദിക്കും രാഷ്ട്രപതി ദ്രൗപദി മു‌‌ർമുവിനും രാഖി കെട്ടിക്കൊടുത്തു. രാഷ്ട്രപതി ഭവനിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. പൗരത്വ നിയമഭേദഗതിയിലൂടെ ഇന്ത്യൻ പൗരത്വം ലഭിച്ച സ്ത്രീകൾ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന് രാഖി ബന്ധിച്ചു. പാകിസ്ഥാനിൽ നിന്ന് രാജ്യത്ത് അഭയം തേടിയവരാണിവർ.

അതിർത്തിയിൽ സേനാംഗങ്ങളും രക്ഷാബന്ധൻ ആഘോഷിച്ചു. വാഗാ അതിർത്തിയിൽ സ്ത്രീകളും കുട്ടികളും ബി.എസ്.എഫ് ജവാന്മാരെ രാഖി അണിയിച്ച് മധുരപലഹാരങ്ങൾ നൽകി.

ആഘോഷിച്ച് രാഹുലും പ്രിയങ്കയും

സഹോദരനും സഹോദരിയും തമ്മിലുള്ള അഭേദ്യമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉത്സവമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. സംരക്ഷണത്തിന്റെ ഈ പവിത്രമായ ബന്ധം ദൃഢമായി നിലനിൽക്കട്ടെയെന്നും സഹോദരി പ്രിയങ്കാഗാന്ധിയുമൊത്തുള്ള ചിത്രം പങ്കുവച്ച് രാഹുൽ ആശംസിച്ചു. രാഹുലും അച്‌ഛൻ രാജീവ് ഗാന്ധിയുമൊത്തുള്ള ചിത്രങ്ങളാണ് പ്രിയങ്ക ഷെയർ ചെയ്‌തത്. പ്രതിസന്ധിയിലും കൂട്ടുകെട്ടിലും സഹോദരീ-സഹോദരന്മാർ സഹയാത്രികരാണെന്നും കുറിച്ചു.

സുധാ മൂർത്തിക്ക് ട്രോൾ

16ാം നൂറ്റാണ്ടിൽ, തന്റെ ജീവൻ രക്ഷിക്കണമെന്നഭ്യർത്ഥിച്ച് ചിറ്റോറിലെ റാണി കർണാവതി മുഗൾ ചക്രവർത്തി ഹൂമയുണിന് രാഖി അണിയിച്ചെന്നും ഇതാണ് ആഘോഷത്തിന്റെ തുടക്കമെന്നും സുധാമൂർത്തി എക്‌സിൽ ട്വീറ്റ് ചെയ്തത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. വ്യാജകഥയെന്ന് ഒട്ടേറെ പേർ പ്രതികരിച്ചു. അനുകൂലിച്ചും ചിലരെത്തി.

Advertisement
Advertisement