അനധികൃത കച്ചവടത്തിൽ വടിയെടുത്ത് കോർപറേഷൻ

Monday 19 August 2024 9:38 PM IST

കണ്ണൂർ: നഗരപരിധിയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കോർപ്പറേഷൻ. നിലവിൽ വെൻഡിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാതെ നഗരപരിധിയിൽ തെരുവുകച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. ഇതുവരെ പതിനെട്ടോളം അനധികൃത ബങ്കുകൾ ഒഴിപ്പിച്ചിട്ടുണ്ട്. വഴിയോര കച്ചവക്കാരുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നാണ് ഒഴിപ്പിക്കൽ.

ഒഴിപ്പിക്കലിനെതിരെ കഴിഞ്ഞ ദിവസം സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ കോർപറേഷനിലേക്ക് പ്രതിഷേധമാർച്ച് നടന്നിരുന്നു. കാൽനടയാത്രക്കാർക്കും ലൈസൻസെടുത്ത് ഉയർന്ന് വാടക നൽകി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വഴിയോര കച്ചവടത്തിനെതിരെയുള്ള നടപടിക്ക് പിന്നിൽ. പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടയാട് ഭാഗങ്ങളിൽ കൂണുകൾ പോലെ അനധികൃത കച്ചവടം പൊങ്ങിവരുന്നതായി കോർപറേഷനിൽ പരാതി ലഭിച്ചിരുന്നു.പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും യാത്രപോലും തടസപ്പെടുന്നുണ്ട്.

തെരുവോര കച്ചവടത്തിനെതിരെ നടപടിക്ക് പിന്നിൽ

കോർപറേഷൻ കെട്ടിടത്തിൽ പോലും കച്ചവടമില്ലാത്ത സ്ഥിതി

ലേലം കൊണ്ടവർ ഒഴിഞ്ഞുപോകുന്ന

യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഭക്ഷ്യവിഭവങ്ങൾ വില്ക്കുന്നു

ഭക്ഷ്യ വിഷബാധ ഉണ്ടായാകാനുള്ള സാഹചര്യം

വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം യാത്രാതടസം

ഏകീകൃത സ്വഭാവമുള്ള ബങ്കുകൾ വരും

റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട മേഖലകളെ തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകൾ തയാറാക്കി നൽകി തെരുവു കച്ചവടക്കാരെ സംരക്ഷിക്കാൻ കോർപറേഷൻ തയ്യാറാണെന്ന് മേയർ പറഞ്ഞു. ഇതിന്റെ ചർച്ചകളും പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഉപജീവന ഉപാധി എന്ന നിലയിൽ റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് മുമ്പിലും ബങ്കുകൾ വെക്കുന്നത് അനുവദിക്കാൻ പറ്റാത്തതാണ്. ഇങ്ങനെയുള്ള തെരുവു കച്ചവടം കാരണം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരാതികൾ കോർപറേഷനിൽ ലഭിക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.

കോർപ്പറേഷൻ പരിധിയിലുള്ല അനധികൃത കച്ചവടങ്ങൾക്കെതിരെ കർശ്ശന നടപിടയെടുക്കും.രണ്ടാഴ്ച മുമ്പ് പത്രത്തിൽ പരസ്യം നൽകിയാണ് സെക്രട്ടറി കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചത്. ഇത് ആരെയും ദ്രോഹിക്കാനോ ജീവനോപാധി ഇല്ലാതാക്കാനുമല്ല. ഒരു തദ്ദേശ സ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിനെ ദ്രോഹമായി കാണരുത്

മുസ്ലീഹ് മഠത്തിൽ ,കോർപ്പറേഷൻ മേയർ

Advertisement
Advertisement