ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ  28ന് തുടങ്ങും

Tuesday 20 August 2024 12:54 AM IST

കൊച്ചി: ആഗോള വ്യാപാര രംഗത്തെ മാന്ദ്യം മറികടക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായിഏകോപന സമിതി, ജി.എസ്.ടി വകുപ്പ്, ലിമാക്സ് അഡ്വർടൈസ്‌മെന്റ് എന്നിവർ സംയുക്തമായി ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ (ജി.കെ.സി.എഫ്) സംഘടിപ്പിക്കുന്നു.​ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കൊച്ചി ക്രൗൺപ്ലാസയിൽ 28ന് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. സംഗീത സംവിധായകൻ എ.ആർ.റഹ‌്മാൻ,​ നടൻ പൃഥ്വിരാജ്,​ സംവിധായകൻ ബ്ലെസി,​ റസൂൽപൂക്കുട്ടി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മൂന്ന് ലക്ഷത്തിലധികം കച്ചവട സ്ഥാപനങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ഓണം,​ ക്രിസ‌്മസ്,​ ന്യൂ ഇയർ ആഘോഷങ്ങളും ആറുമാസം നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവലിന്റെ ഭാഗമാകും.
ജി.കെ.സി.എഫ് അംഗങ്ങളായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ പർച്ചേസിനും റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാം. 'ഒലോപോ" എന്ന ആപ്പിലൂടെയാണ് ഈ ആശയം നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ റിവാർഡ് പോയിന്റുകൾ കരസ്ഥമാക്കുന്ന ഉപഭോക്താക്കൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 17.5 കിലോ സ്വർണം ലഭിക്കും.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്ര,​ ജനറൽ സെക്രട്ടറി രാജൻ.ജെ. തോപ്പിൽ,​ വർക്കിംഗ് ജനറൽ സെക്രട്ടറി മൊയ്തു വരമംഗലത്ത്,​ വർക്കിംഗ് സെക്രട്ടറി ജോയ് പഴയമഠം എന്നിവർ പറഞ്ഞു.

Advertisement
Advertisement