മുന്നില്‍ വമ്പന്‍ ഓഫറുകള്‍, ചമ്പൈ സോറനായി വലവിരിച്ച് ബിജെപി

Monday 19 August 2024 11:27 PM IST
ചമ്പൈ സോറന്‍

ന്യൂഡല്‍ഹി: ജെ.എം.എം വിടാനൊരുങ്ങുന്ന മുതിര്‍ന്ന നേതാവ് ചമ്പൈ സോറന്‍ ബി.ജെ.പിയുമായി വിലപേശലില്‍. പാര്‍ട്ടി പിളര്‍ത്തി 15 എം.എല്‍.എമാരെ കൊണ്ടുവന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചാല്‍ മുഖ്യമന്ത്രിക്കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി അറിയുന്നു. ഇക്കൊല്ലം ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ ജയിച്ചാല്‍ ഉപമുഖ്യമന്ത്രിയുമാക്കും.

അതേസമയം അദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിറുത്താനുള്ള ശ്രമത്തിലാണ് ജെ.എം.എം. ചമ്പൈ പ്രിയ നേതാവാണെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ജെ.എം.എം മന്ത്രി മിഥിലേഷ് താക്കൂര്‍ പറഞ്ഞു

ഡല്‍ഹിയിലുള്ള ചെമ്പൈന്‍ സോറന് പക്ഷേ എം.എല്‍.എമാരെ അടര്‍ത്താനായില്ല. എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭയുടെ നിലവിലെ അംഗബലം 73 ആണ്. കേവല ഭൂരിപക്ഷത്തിന് 37 സീറ്റുകള്‍. 26 സീറ്റുള്ള ജെ.എം.എം 16 സീറ്റുള്ള കോണ്‍ഗ്രസ്, ഒരോ സീറ്റു വീതമുള്ള ആര്‍.ജെ.ഡി,സി.പി.ഐ(എം.എല്‍) പാര്‍ട്ടികളും പിന്തുണ നല്‍കുന്നു. ജെ.എം.എമ്മിനെ പിളര്‍ത്തിയാല്‍ 23 സീറ്റുള്ള ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. എന്‍.ഡി.എ സഖ്യകക്ഷി എ.ജെ.എസ്.യുവിന് മൂന്നുസീറ്റുണ്ട്. മൂന്ന് സ്വതന്ത്രന്‍മാരും പിന്തുണയ്ക്കും.

ഫെബ്രുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലാകും മുന്‍പ് രാജിവച്ച് വിശ്വസ്തനായ ചമ്പൈയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ജാമ്യം ലഭിച്ച് ഹേമന്ത് പുറത്തു വന്നതോടെ ചമ്പൈയെ നിര്‍ബന്ധിച്ച് രാജിവയ്പിച്ച് മുഖ്യമന്ത്രി സ്ഥാനം തിരിച്ചെടുത്തതോടെ ശത്രുത തുടങ്ങി. ഘട്ശില സീറ്റില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം ഹേമന്ത് തള്ളിയതും അതൃപ്തി കൂട്ടി.

ബി.ജെ.പി ലക്ഷ്യം നഷ്ടപ്പെട്ട ആദിവാസി വോട്ട്

ഹേമന്ത് സോറന്‍ ജയിലിലായിരിക്കെ ജെ.എം.എമ്മിനെ നയിച്ച ചെമ്പൈ സോറന്റെ സ്വാധീനം മൂലം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ആദിവാസി സംവരണ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമായി

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 ആദിവാസി സീറ്റുകളില്‍ 26ലും ബി.ജെ.പി തോറ്റിരുന്നു. ചെമ്പൈ സോറനെ ഒപ്പം കൂട്ടിയാല്‍ ആദിവാസി മേഖലകളില്‍ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കരുതുന്നു

ചെമ്പൈ സോറന്‍ വേറെ പാര്‍ട്ടി രൂപീകരിക്കുമെന്നും സൂചനയുണ്ട്

Advertisement
Advertisement