മുത്തലാഖ് മാരക ആചാരമെന്ന് കേന്ദ്രം

Tuesday 20 August 2024 12:50 AM IST

 സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: മുത്തലാഖ് വിവാഹമെന്ന സാമൂഹിക സംവിധാനത്തെ തകർക്കുന്ന മാരകമായ ആചാരമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ 2019ലെ കേന്ദ്രനിയമത്തെ ചോദ്യം ചെയ്‌ത ഹർജികളിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നിയമം കൊണ്ടുവന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗനീതി, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2017 ആഗസ്റ്റിൽ സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. എന്നാൽ, ആചാരം തടയാൻ ഉത്തരവ് പര്യാപ്‌തമല്ലാത്തതിനാലാണ് ശക്തമായ നിയമം കൊണ്ടുവന്നത്. മുത്തലാഖിലൂടെ വിവാഹമോചിതരാകുന്ന സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം.

2019ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം വ്യക്‌തിനിയമ ബോർഡും കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും അടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുത്തലാഖ് ചൊല്ലുന്ന ഭർത്താവിന് പരമാവധി മൂന്നു വർഷം വരെ തടവും പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്‌തത്.

Advertisement
Advertisement