ഡോക്ടർ അതിക്രൂര പീഡനത്തിന് ഇര 

Tuesday 20 August 2024 12:52 AM IST

കൊൽകത്ത: ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മാനഭംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം 16 ബാഹ്യ മുറിവുകളും 9 ആന്തരിക പരിക്കുകളും കണ്ടെത്തി. എല്ലാ പരിക്കുകളും മരണത്തിന് മുമ്പ് ഏല്പിച്ചതാണ്.ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. രക്തവും ശരീര സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 9നാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ഡോക്ടറെ പിച്ചിച്ചീന്തിയത്. സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ ഉടൻ പിടികൂടുമെന്ന് സി.ബി.ഐ ഉറപ്പ് നൽകിയെന്ന് ഡോക്ടറുടെ അച്ഛൻ പറഞ്ഞു. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെയും സി.ബി.ഐ അന്വേഷണം തുടങ്ങി. മൂന്നു ദിവസം ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. കോൾ ലിസ്റ്റും വാട്ട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കുകയാണ്.

കുറ്റകൃത്യത്തിൽ ഒന്നിലധികം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് രക്ഷിതാക്കൾ കരുതുന്നു. ബന്ധമുണ്ടെന്ന് കരുതുന്ന ഇന്റേണുകളുടെയും ഡോക്ടർമാരുടെയും പേരുകൾ അവർ സി.ബി.ഐക്ക് കൈമാറി.

എന്തിന് തിടുക്കത്തിൽ

സംസ്കരിച്ചു

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മകളുടെ സംസ്‌കാരം തിടുക്കത്തിൽ നടത്തിയതിനെ പിതാവ് ചോദ്യംചെയ്തു. തെളിവ് നശിപ്പിച്ചിരിക്കാമെന്ന സംശയവുമിയർത്തി. ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ അന്തിമ ചടങ്ങുകൾക്കായി ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ മകളെ തിടുക്കത്തിൽ സംസ്കരിച്ചു. അന്നത്തെ ആഘാതത്തിൽ ഞങ്ങൾക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിഞ്ഞില്ല. മകൾക്ക് നീതി ആവശ്യപ്പെടുന്നവരെ നിശബ്ദരാക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നത്.

ക്രൂരകൃത്യം സെമിനാർ ഹാളിലാണോ നടന്നതെന്നതിൽ മരിച്ച യുവതിയുടെ അമ്മ സംശയം പ്രടിപ്പിച്ചു. മകൾ കൊല്ലപ്പെട്ടെതിന് തൊട്ടടുത്ത മുറി ഉടനടി പുതുക്കിപ്പണിയുന്നതാണ് ഈ സംശയത്തിന് കാരണമെന്ന് അവർ പറഞ്ഞു.

നുണപരിശോധന
കേസിലെ പ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയമാക്കാൻ കൽക്കട്ട ഹൈക്കോടതി അനുമതി നൽകി. നുണപരിശോധന ഇന്ന് സി.ബി.ഐ നടത്തിയേക്കും. കേസിൽ ഓഗസ്റ്റ് 29ന് വീണ്ടും വാദം കേൾക്കും

വിദ്യാർത്ഥി അറസ്റ്റിൽ

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ മമത ബാനർജിയെയും വെടിവെച്ച് കൊല്ലൂവെന്ന് വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ. കിർട്ടിസോഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വാഴിയാണ് ഇയാൾ പോസ്റ്റിട്ടത്. കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങളും ഇയാൾ സമൂഹ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തയിരുന്നു.

Advertisement
Advertisement