തമിഴന്‍മാര്‍ എത്തുന്നതിന് ഒറ്റ ലക്ഷ്യം മാത്രം; കൈയില്‍കിട്ടുന്നത് 50,000 വരെ

Tuesday 20 August 2024 12:15 AM IST

തിരുവനന്തപുരം: വിദേശത്തു നിന്ന് കടത്തുന്ന സ്വര്‍ണം ഏറ്റുവാങ്ങാനായി തമിഴ്‌നാട്ടില്‍ നിന്നുള്ള കാരിയര്‍മാര്‍ സ്ഥിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്താറുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സ്വര്‍ണക്കടത്ത് കാരിയറായ ഉമറിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘം മുമ്പും ഇയാളെ കിഡ്‌നാപ്പ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. പലതവണ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. വിദേശത്തു നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയറുടെ ഫോട്ടോയും പാസ്പോര്‍ട്ടിന്റെ കോപ്പിയും തലസ്ഥാനത്ത് സ്വര്‍ണം വാങ്ങാനായി കാത്തുനില്‍ക്കുന്ന സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കും. ഇത് നോക്കിയാണ് കാരിയറെ തിരിച്ചറിയുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന സ്വര്‍ണം തട്ടിപ്പറിക്കാനായി മൂന്നോ നാലോ ഗുണ്ടാസംഘങ്ങളും നഗരത്തിലുണ്ട്. ഉമറിനെ തട്ടിക്കൊണ്ടുപോയതും അതിലൊരു സംഘമാണ്. കേസില്‍ അറസ്റ്റിലായ അഞ്ചംഗ ഗുണ്ടാസംഘത്തെ കൂടുതല്‍ അന്വേഷണത്തിനായി വ്യാഴാഴ്ച വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

പരാതിയില്ല, കേസുമില്ല

കാരിയര്‍മാരെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ വിവാദമാകുമ്പോഴായിരിക്കും പൊലീസ് ഇടപെടുന്നത്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുമെന്ന് കണ്ടാല്‍ കേസ് കൊടുക്കാന്‍ നില്‍ക്കുന്നവര്‍ തന്നെ പതിയെ പിന്‍വലിയും. തലസ്ഥാനത്ത് ഏറ്റവുമൊടുവില്‍ നടന്ന തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണം പൊട്ടിക്കലാണെന്ന് പൊലീസിന് മനസിലായെങ്കിലും ഉമര്‍ പരാതിയില്‍ ഉറച്ചുനിന്നില്ല. ഇതോടെ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.

ദാരിദ്ര്യം കാരിയര്‍മാരാക്കും

തമിഴ്‌നാട്ടില്‍ നിന്നുള്ള ദരിദ്ര യുവാക്കളെ വല വീശിപ്പിടിച്ച് തുച്ഛമായ തുക നല്‍കിയാണ് കാരിയര്‍മാരാക്കി സ്വര്‍ണം കടത്തുന്നത്.പാസ്പോര്‍ട്ടുള്ളവര്‍ ഒരു തവണ വിദേശത്ത് പോയി കള്ളക്കടത്തുകാര്‍ നല്‍കുന്ന സാധനങ്ങളുമായി തിരികെയെത്തുന്നതിന് വിമാന ടിക്കറ്റും 30,000 മുതല്‍ 50,000 രൂപ വരെയും നല്‍കും.പിടിക്കപ്പെട്ടാല്‍ വാഗ്ദാനം നല്‍കിയ തുക കിട്ടില്ല. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന ബാഗില്‍ എന്താണ്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുപോലും ഇവര്‍ക്ക് അറിയാനാകില്ല.

Advertisement
Advertisement