മറച്ചത് മാരക വിവരങ്ങൾ;  നടുങ്ങി ആരാധക ലോകം

Tuesday 20 August 2024 12:49 AM IST

`മിന്നുന്ന നക്ഷത്രങ്ങൾ വാസ്തവത്തിൽ അങ്ങനെയല്ല. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാരയാണ്'

തിരുവനന്തപുരം: ഉഗ്രസ്ഫോടനശേഷിയുള്ള വിവരങ്ങൾ ഒഴിവാക്കിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതെങ്കിലും, അതുപോലും മലയാളികളെ ഞെട്ടിക്കുന്നതായി. 'വില്ലന്മാരിലേക്ക്' നേരിട്ട് വിരൽ ചൂണ്ടുന്ന 'അതിമാരക' വിവരങ്ങൾ എന്നെങ്കിലും പുറത്തുവരുമായിരിക്കും.

സിനിമാലോകമെന്ന മായാപ്രപഞ്ചത്തെ ചമത്കാര ഭംഗിയോടെ പരാമർശിച്ചുകൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.

''തിളക്കമുള്ള മിന്നുന്ന നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമാണ് ദുരൂഹതകളുടെ ആകാശത്തുള്ളത്. സത്യം അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്.''

സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു. അവസരം കിട്ടണമെങ്കിൽ 'അഡ്ജസ്റ്റ്മെന്റി'നോ 'കോംപ്രമൈസിനോ' സ്ത്രീകൾ തയ്യാറണം.

രാത്രികളിൽ വാതിലിൽ

നിരന്തരം തട്ടി വിളിക്കും

ഹോട്ടൽമുറിയിൽ ഒറ്റയ്ക്ക്കഴിയാൻ ഭയമാണെന്നാണ് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് കയറുമോയെന്ന് ഭയം തോന്നിയ സന്ദർഭങ്ങളും ഉണ്ടായെന്ന് ഒരു നടി മൊഴി നൽകി. ഇതൊക്കെ ഭയന്ന് മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗിനെത്തുന്നത്.

ആർത്തവസമയത്ത് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. പാഡ് മാറ്റുന്നതിനുപോലും വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ കഴിയാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരുന്നതായി ജൂനിയർആർട്ടിസ്റ്റുകളടക്കം മൊഴി നൽകി. മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങൾ പിടിപെടുന്നു. ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിക്കാറില്ല.

സിനിമയിൽനിന്ന് പുറത്താകുമെന്ന ഭീതിയിലാണ് പലരും നിശബ്ദത പാലിക്കുന്നത്. പ്രശ്നങ്ങൾ ചില നടൻമാരോട് സൂചിപ്പിച്ചപ്പോൾ, കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് ഓർമ്മപ്പെടുത്തിയതെന്ന് നടിമാർ മൊഴി നൽകി . കേസിനു പോയാൽ സൈബർ ആക്രമണം ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയെയോ പൊലീസിനെയോ സമീപിച്ചാൽ ജീവനുതന്നെ ഭീഷണി ഉണ്ടായേക്കുമെന്നാണ് അവർ പ്രതികരിച്ചത്.

#ജൂനിയർ ആർട്ടിസ്റ്റുകൾ

അടിമകളെപ്പോലെ

അടിമകളെക്കാൻ മോശമായാണ് ജൂനിയർ ആർട്ടിസ്റ്റുകളെ പരിഗണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാവിലെ ഏഴ് മണിമുതൽ പുലർച്ചെ രണ്ട് മണിവരെ 19 മണിക്കൂറോളം പലപ്പോഴും ജോലി ചെയ്യേണ്ടിവരുന്നു. ടോയ് ലെറ്റ് സൗകര്യം ഉൾപ്പെടെ പല സെറ്റുകളിലും ഒരുക്കുന്നില്ല. ജൂനിയർ ആർട്ടിസ്റ്റായി അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്.

പൊരിവെയിലത്ത് മണിക്കൂറുകളോളം നിന്ന് ജോലിചെയ്ത സാഹചര്യം ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തി. മറ്റുള്ളവർ കുടയും ചൂടിയാണ് നിന്നത്. 100 ജൂനിയർ ആർട്ടിസ്റ്റുകൾവേണ്ട സെറ്റിൽ പോലും ആയിരത്തോളം പേരാണ് എത്തുന്നത്. കുറച്ചുപേർക്ക് മാത്രമേ ഭക്ഷണ കൂപ്പൺ ലഭിക്കൂ. ബാക്കിയുള്ളവരെ പറഞ്ഞയക്കില്ല. എന്നാൽ, വെള്ളംപോലും നൽകാറുമില്ല.

ചില സെറ്റുകളിൽ ഷൂട്ടിംഗ് ഇല്ലാത്തപ്പോഴും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല.

ഹൃദയസംബന്ധമായ അസുഖത്തിന് മരുന്നുകഴിക്കുന്ന ഒരു വനിതാ ജൂനിയർ ആർട്ടിസ്റ്റ് പൊരിവെയിലത്ത് നിന്ന് തളർന്നതിനെ തുടർന്ന് ഒരു കസേര ചോദിച്ചു. തുടർന്നുള്ള ഷൂട്ടിംഗിൽപോലും അവരെ ഒഴിവാക്കി.

ഷൂട്ടിംഗ് അവസാനിച്ചാലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ശമ്പളം നൽകില്ല. പ്രൊഡ്യൂസറുടെയോ കോ ഓഡിനേറ്ററുടെയോ പിറകെ നടന്നു യാചിക്കണം.

1800 മുതൽ 5000 രൂപവരെയാണ് ദിവസ ശമ്പളം. ഇടനിലക്കാരനും കോ ഓഡിനേറ്ററും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നൽകുന്നത് വെറും 450 - 500 രൂപയാണ്. ബാക്കി അവരുടെ പോക്കറ്റിലിരിക്കും.

Advertisement
Advertisement