തൊഴിൽ കിട്ടാൻ ലൈംഗിക  ചൂഷണം മറ്റെങ്ങുമില്ല

Tuesday 20 August 2024 1:47 AM IST

തിരുവനന്തപുരം: ലൈംഗിക ചൂഷണം സിനിമയിൽ മാത്രമല്ലെന്നും മറ്റ് എല്ലാ മേഖലകളിലുമുണ്ടെന്നും നിരവധി പുരുഷന്മാർ കമ്മിറ്റിക്ക് മൊഴി നൽകി. എന്നാൽ, സിനിമയിൽ ഇത് വ്യാപകമെന്നാണ് വനിതകളുടെ മൊഴി. സിനിമയിൽ അവസരം ചോദിച്ചാൽ ലൈംഗിക ബന്ധത്തിന് ആവശ്യമുയരും. മറ്റൊരു തൊഴിൽ മേഖലയിലും ജോലി കിട്ടാൻ ലൈംഗിക ചൂഷണമില്ലെന്ന് നിരവധി പേർ മൊഴി നൽകി. മറ്റ് മേഖലകളിൽ ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയിൽ കഴിവ് തെളിയിക്കണം. സിനിമയിൽ അതല്ല സ്ഥിതി.

മറ്റൊരു ജോലിക്കും ലൈംഗിക ബന്ധം ഒരു മുൻകൂർ ഉപാധിയല്ല (പ്രീ കണ്ടീഷൻ). സിനിമയിലെ കാസ്റ്റിംഗ് കൗച്ച് മറ്റ് മേഖലകളില്ല. അദ്ധ്യാപകർ, ഡോക്ടർ എന്നിങ്ങനെ ഒരു മേഖലയിലുമില്ലാത്തതാണിത്. സുരക്ഷിതമല്ലെന്ന് ഉറപ്പായതിനാൽ വീട്ടിലുള്ളവരെ കൂട്ടി ജോലിക്ക് പോവേണ്ട സ്ഥിതിയാണ് . മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരത്തിലില്ല.

സെറ്റുകളിൽ നിരവധി ക്രിമിനൽ കുറ്റം നടക്കുന്നു, സിനിമയിലെ സ്ത്രീകൾ നിശബ്ദമായി സഹിക്കുന്നു. ക്രൂരതകളെക്കുറിച്ച് പരാതിപ്പെട്ടാൽ നേരിടേണ്ടി വരുന്ന ഗുരുതര ഭവിഷ്യത്തുകൾ ഓർത്ത് ആരും മിണ്ടാറില്ല.

പരാതിപ്പെട്ടാൽ ജീവനു തന്നെ ഭീഷണിയാണെന്ന് നിരവധി പേർ മൊഴിനൽകി. പരാതിപ്പെടുന്ന ഇരകൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിലുള്ളവർക്കും ജീവന് ഭീഷണിയാണ്. ഭവിഷ്യത്തുകൾ ഊഹിക്കാനാവില്ല. താരത്തിളക്കമുള്ളതിനാൽ സോഷ്യൽ മീഡയയിൽ അപകീർത്തിപ്പെടുത്തും, താറടിക്കും. പരാതിപ്പെട്ടതിന്റെ പിറ്റേന്നു തന്നെ സോഷ്യൽ മീഡയയിൽ സൈബർ ആക്രമണത്തിന് വിധേയമാവും. സോഷ്യൽ മീഡയയിൽ നടിമാരെ വളരെ മോശം ഭാഷയിലാണ് അപമാനിക്കുന്നത്. ലൈംഗിക ചുവയുള്ള ചിത്രങ്ങളും വൃത്തികെട്ട കമന്റുകളും പ്രചരിപ്പിക്കും. ചൂഷണക്കാരിൽ മിക്കവരും വൻ സ്വാധീനമുള്ളവരായതിനാൽ പരാതിപ്പെടുന്നത് അപകടകരമാണ്.

Advertisement
Advertisement