ഫിലിപ്പീൻസിലും എംപോ‌ക്‌സ്

Tuesday 20 August 2024 7:24 AM IST

ജനീവ : ആഫ്രിക്കയിൽ വ്യാപനം ഗുരുതരമായി തുടരുന്നതിനിടെ എംപോക്‌സ് വൈറസ് കേസ് ഫിലിപ്പീൻസിലും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 33കാരൻ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്ന് ഫിലിപ്പീൻസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മാസം ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് എംപോക്‌സ് കണ്ടെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഫിലിപ്പീൻസ്. അടുത്തിടെ സ്വീഡനിലും പാകിസ്ഥാനിലും രോഗം കണ്ടെത്തിയിരുന്നു.

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ എംപോക്സ് കേസുകളുള്ള ഡി.ആർ. കോംഗോയിൽ മരണസംഖ്യ 548 ആയി. 2022ന്റെ അവസാനം മുതൽ രാജ്യത്ത് എംപോക്‌സ് സാന്നിദ്ധ്യമുണ്ടെങ്കിലും തീവ്രതയേറിയ ക്ലെയ്ഡ് 1 ബി വകഭേദമാണ് ഇപ്പോൾ രോഗവ്യാപനം ഗുരുതരമാക്കിയത്.

ജനുവരി മുതൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 18,737 എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് ആഫ്രിക്കൻ യൂണിയൻ വ്യക്തമാക്കി. വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.

ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന എംപോക്സ് 2022ൽ യൂറോപ്യൻ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ കഴിഞ്ഞ വർഷം മേയിലാണ് ഡബ്ല്യു.എച്ച്.ഒ നീക്കിയത്. വസൂരിക്ക് കാരണമായ ഓർത്തോപോക്‌സ് വൈറസ് ജീനസിൽപ്പെട്ടതാണ് എംപോക്‌സ്.

Advertisement
Advertisement