റഷ്യൻ എണ്ണ പ്ലാന്റിൽ യുക്രെയിൻ ആക്രമണം

Tuesday 20 August 2024 7:42 AM IST

മോസ്കോ: അതിർത്തി പ്രദേശങ്ങളിൽ കടന്നുകയറ്റം ശക്തമാക്കിയതിന് പിന്നാലെ റഷ്യയിലെ എണ്ണ സംഭരണ പ്ലാന്റ് ആക്രമിച്ച് യുക്രെയിൻ. റോസ്റ്റൊവിലെ പ്രോലറ്റാർസ്ക് നഗരത്തിലെ പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ ശക്തമായ പൊട്ടിത്തെറിയുണ്ടായെന്നും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 18 അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. പ്രോലറ്റാർസ്‌കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതിനിടെ, റഷ്യയുടെ അതിർത്തി പ്രദേശമായ കുർസ്‌കിൽ സെയിം നദിക്ക് കുറുകേയുള്ള മൂന്നാമത്തെ പാലവും യുക്രെയിൻ തകർത്തു. കുർസ്‌കിൽ തങ്ങൾ ലക്ഷ്യം കൈവരിച്ച് മുന്നേറുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻ‌സ്‌കി പറഞ്ഞു. കുർസ്‌കിൽ ഇതുവരെ പിടിച്ചെടുത്ത 1,150 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശത്ത് ബഫർ സോൺ സൃ‌ഷ്‌ടിക്കാനും യുക്രെയിന് പദ്ധതിയുണ്ട്.

റഷ്യൻ ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ഇത് സഹായിച്ചേക്കുമെന്ന് സെലെൻസ്‌കി കരുതുന്നു. കുർസ്‌കിലെ ഒമ്പത് ജില്ലകളിൽ നിന്ന് 1,21,000 ലേറെ പേരെ റഷ്യ ഇതുവരെ ഒഴിപ്പിച്ചു. ഈ മാസം 6 മുതലാണ് യുക്രെയിൻ സൈനികർ റഷ്യൻ അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറ്റം ആരംഭിച്ചത്. 80ലേറെ ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തു. അതേ സമയം, കുർസ്‌കിൽ ഏറ്റുമുട്ടൽ തുടരുന്ന റഷ്യൻ സൈന്യം കിഴക്കൻ യുക്രെയിനിലെ ഡൊണെസ്‌കിലെ ഒരു പട്ടണം പിടിച്ചെടുത്തു.

Advertisement
Advertisement