ലൊക്കേഷനിലെ  ലഹരിക്ക് പൊലീസ് ആക്ഷൻ....കട്ട്

Wednesday 21 August 2024 12:29 AM IST

കൊച്ചി: മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും ഒരുവർഷംമുമ്പ് തുടങ്ങിയ അന്വേഷണം പൊടുന്നനെ അവസാനിപ്പിച്ചു. സെറ്റുകളിൽ ഷാഡോ പൊലീസ് നിരീക്ഷണം ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. നടൻ ടിനിടോമിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും അന്ന് വഴിതുറന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം നടൻമാരും സംവിധായകരും ശരിവച്ചെങ്കിലും പരാതി നൽകാൻ ആരും മുന്നോട്ടുവന്നില്ല.

സംശയത്തിന്റെ അടിസ്ഥാനത്തിൽ സെറ്റുകളിൽ പരിശോധന നടത്തുന്നത് പ്രായോഗികമല്ല. പരിശോധന കർശനമാക്കിയാൽ ലൊക്കേഷനുകൾ കേരളത്തിന് പുറത്തേക്കുപോകുമെന്ന ആശങ്ക സർക്കാരിനുണ്ടായി. ഇതോടെയാണ് അന്വേഷണം മരവിച്ചത്. സിനിമാമേഖലയിലേക്ക് വിരൽചൂണ്ടുന്ന ചില ലഹരിക്കേസുകൾ കൊച്ചിയിൽ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം പരൽമീനുകളിൽ ഒതുങ്ങി. സെറ്റുകളിൽ ലഹരി എത്തിക്കുന്നയാളും കൂട്ടരും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഇവർ ലഹരി ഇടപാടുകൾ തുടരുന്നുണ്ടെന്നാണ് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇടനിലക്കാർ പിടിയിലായാലും ലഹരിമരുന്ന് സിനിമാമേഖലയിൽ എത്തിക്കുന്ന സംഘം സ‌ജീവമാണെന്ന് എക്സൈസ് വൃത്തങ്ങൾ സമ്മതിക്കുന്നു.

`ആ നടന്റെ പല്ല്

പൊടിയുന്നു'

ലഹരിക്ക് അടിമയായ നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞുതുടങ്ങിയെന്ന ടിനിടോമിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് വഴിവച്ചത്. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ലുപൊടിയും. ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണം പ്രമുഖനടന്റെ മകനായി അഭിനയിക്കാൻ മകന് അവസരം ലഭിച്ചിട്ടും വിട്ടില്ലെന്നും ടിനി തുറന്നു പറഞ്ഞു.

#അന്നത്തെ പ്രഖ്യാപനവും

ഫലത്തിൽ സംഭവിച്ചതും

1. ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തും. പ്രമുഖരടക്കം പലകാര്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല

2. ലഹരി ഉപയോഗം സംബന്ധിച്ച വിവരം ലഭിച്ചാൽ പൊലീസ് റെയ്ഡ് നടത്തും. വിവരം ലഭിച്ചിട്ടും ചെറുവിരൽ അനക്കിയില്ല

3. എക്‌സൈസും പൊലീസുമായി സംയുക്തമായ ഓപ്പറേഷൻ നടത്തും.

പക്ഷേ രണ്ട് വിഭാഗവും രണ്ട് വഴിക്ക് നീങ്ങി. രണ്ട് സംഘങ്ങൾക്കും ഒന്നുംചെയ്യാൻ സാധിച്ചില്ല.

Advertisement
Advertisement