സഹപാഠിയുടെ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു

Wednesday 21 August 2024 12:36 AM IST

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരിൽ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം ഇന്റർനെറ്റ് താത്കാലികമായി നിറുത്തിവച്ചു. ആഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ തമ്മിലെ തർക്കത്തിനൊടുവിൽ കുട്ടിക്ക് കുത്തേറ്റത്.

തുടർന്ന്, നടന്ന പ്രതിഷേധങ്ങൾക്കിടെ ജനക്കൂട്ടം വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തിരുന്നു. കുട്ടിയെ കുത്തിപരുക്കേൽപ്പിച്ച സഹപാഠിയേയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ, വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് 15 വയസ്സുള്ള പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട് ശനിയാഴ്ച അധികാരികൾ പൊളിച്ചുനീക്കി. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ജില്ലാ ഭരണകൂടം ആശുപത്രിക്ക് ചുറ്റും കൂടുതൽ സേനയെ വിന്യസിച്ചിരുന്നു. ക്രമസമാധാനം പാലിക്കാൻ ഉദയ്പൂർ സോൺ ഐജി അജയ് പാൽ ലാംബ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കുട്ടിയുടെ ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസും രം​ഗത്തെത്തി. വിദ്യാർത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ധനസഹായവും ബന്ധുക്കൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Advertisement
Advertisement