361 കോടി ചെലവിൽ ഒരുങ്ങുന്നത് എയർപോർട്ട് മോഡൽ വികസനം,​ കൊല്ലത്തിന്റെ മുഖം മാറ്റുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്

Thursday 22 August 2024 1:37 AM IST

കൊല്ലം: കൊല്ലം റെയിൽവേ സ്​റ്റേഷന്റെ എയർപോർട്ട് മോഡൽ വികസന പദ്ധതിയിലുള്ള സർവീസ് കെട്ടിടം ഒരുമാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യും . മർട്ടിലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) സമുച്ചയം മൂന്ന് മാസത്തിനുള്ളിലും പൂർത്തിയാകും.

സർവീസ് കെട്ടിടത്തിന്റെ ഫാൾസ് സീലിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിൽ 27,500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം കമ്മിഷൻ ചെയ്യുന്നതോടെ പ്രധാന കെട്ടിടത്തിലുള്ള കോടതി, ആർ.പി.എഫ് ഓഫീസ്, ജി.പി.എഫ്, എസ്.എസ്.ഇ ഇലക്ട്രിക്കൽ, എസ്.എസ്.ഇ സിഗ്നൽ, എസ്.എസ്.ഇ ടെലികമ്മ്യുണിക്കേഷൻ തുടങ്ങി 22 ഓഫീസുകൾ അവിടേക്ക് മാറ്റും. തുടർന്ന് ഘട്ടംഘട്ടമായി പ്രധാന കെട്ടിടം പൊളിക്കും.

അഞ്ച് നിലകളുള്ള എം.എൽ.സി.പിയിൽ ഒരേ സമയം 124 കാറുകളും 260 ബൈക്കുകളും പാർക്ക് ചെയ്യാം. നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം. തെക്കുവശത്തെ ടെർമിനലിന്റെ ഒന്നാംഘട്ടം 70 ശതമാനമായി. പാഴ്സൽ ബിൽഡിംഗിന്റെയും നിർമ്മാണവും പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളായാണ് പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം. ഇതിൽ ആദ്യഘട്ടം ഉടൻ പൂർത്തിയാകും. നിർമ്മാണ പദ്ധതിയിൽ ആകെയുള്ള 680 പൈലുകളിൽ ൽ 480 എണ്ണം പൂർത്തിയായി.

പൂർത്തിയായവ

 ഗ്യാംഗ് റസ്റ്റ് റൂം

 സർവീസ് ബിൽഡിംഗ്

 സീനിയർ സെക്ഷൻ എൻജിനിയർ ബിൽഡിംഗ്

 പദ്ധതി ചെലവ്: 361.18 കോടി

കരാർ നൽകിയത് 2022 ൽ

 നിർമ്മാണം പൂർത്തിയാക്കേണ്ടത്: 2026 ജനുവരി 26ന്

 2025 ൽ പൂർത്തിയായേക്കും

നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തി

എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു. നിലവിലെ സർഫസ് പാർക്കിംഗിൽ നിന്ന് നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് വരാനായി ഒരു അണ്ടർപാസേജ് നിർമ്മിക്കാൻ ശുപാർശയുണ്ട്. വടക്കേ ടെർമിനലിന് സമീപത്തായി 4500 ചതുരശ്ര മീറ്ററിൽ പാർക്കിംഗ് സൗകര്യമൊരുക്കും.

മെമ്മു ഷെഡിന്റെ കായംകുളം ഭാഗത്തേക്കുള്ള വിപുലീകരണം പൂർത്തിയായി. ഓവർ ഹെഡ് ടാങ്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കർബലയിൽ നിന്ന് ശങ്കേഴ്‌സ് ആശുപത്രി ജംഗ്ഷനിലേയ്ക്കുളള റെയിൽവേ മേൽനടപ്പാത പുനർനിർമ്മിക്കാൻ ടെണ്ടർ നടപടി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം അഡിഷണൽ ഡിവിഷണൽ മാനേജർ എം.ആർ.വിജി, ചീഫ് എൻജിനിയർ കൺസ്ട്രക്ഷൻ വിഭാഗം മുരാരിലാൽ, കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്.ചന്ദ്രുപ്രകാശ്, റൈറ്റ്‌സ് പ്രതിനിധി ജി.എം ആർ.കരുണാനിധി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement