സുപ്രീം കോടതിയുടെ ചരിത്രവിധി

Friday 23 August 2024 2:47 AM IST

നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന സാമൂഹ്യ നീതി പുനഃസ്ഥാപിക്കുന്നതിനും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ നിയമനത്തിനും സംവരണം നൽകുന്നത്. ദളിത്, പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ളതാണ് സംവരണം. സ്വാതന്ത്ര്യ‌ത്തിനു മുമ്പ് ജാതിയുടെ പേരിൽ ജനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും സർക്കാർ ജോലികളിൽ നിന്നും അകറ്റിനിറുത്തിയിരുന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ടവരുടെ വിലക്കുകളാണ് ഇതിനിടയാക്കിയത്. ജനാധിപത്യ സമ്പ്രദായം വന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ടുള്ളത് ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ്. അപ്പോൾ ന്യായമായ, ആ വിഭാഗങ്ങളിൽപ്പെട്ടവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടിവന്നതിന്റെ ഭാഗമായാണ് സംവരണം നൽകാൻ ഭരണ നേതൃത്വം നിർബന്ധിതമായത്.

സംവരണം ആരുടെയും ഔദാര്യമല്ല. പിന്നാക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശം തന്നെയാണത്. സംവരണത്തെ സംവരണമായും മെരിറ്റിനെ മെരിറ്റായും കണക്കാക്കുന്നതാണ് ന്യായവും നീതിയും. എന്നാൽ കാലാകാലങ്ങളായി ഇതു രണ്ടും കൂട്ടിക്കുഴച്ച് പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവരെ തഴയാൻ ബ്യൂറോക്രസി പല കളികളും തുടർന്നുവരികയായിരുന്നു. അതിൽ ഏറ്റവും മുഖ്യമായ ഒരു രീതി സംവരണത്തിനും അർഹതയുള്ള കാൻഡിഡേറ്റ് മെരിറ്റിലും മുന്നിൽ വന്നാൽ, അയാളെ മെരിറ്റിൽ പരിഗണിക്കാതെ സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തുക എന്നതാണ്. അങ്ങനെ വരുമ്പോൾ സംവരണ ക്വാട്ടയിൽ ജോലി കിട്ടുമായിരുന്ന ഒരാൾ ഫലത്തിൽ തഴയപ്പെടുകയാണ് ചെയ്യുന്നത്. അപേക്ഷിച്ചപ്പോൾ സംവരണാനുകൂല്യം ആവശ്യപ്പെട്ടതിന്റെ മറവിലാണ് ഈ അട്ടിമറി തുടർന്നുവന്നിരുന്നത്. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ സംവരണം നടപ്പാക്കിയതായി തോന്നുകയും ചെയ്യും!

ഇതൊരു കൺകെട്ട് വിദ്യയാണ്. മെരിറ്റിൽ മുന്നിൽ വരുന്നവരുടെ ജാതിയും മതവുമൊന്നും നോക്കാൻ പാടില്ല. അവർക്ക് ജനറൽ സീറ്റിൽ പ്രവേശനം നൽകണം. അങ്ങനെയല്ലാതെ ചെയ്യുമ്പോൾ ജനറൽ സീറ്റ് മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം അവകാശപ്പെട്ടതായി മാറും. പിന്നെ അതിനെ ജനറൽ എന്നു വിളിക്കുന്നതിന്റെ സാംഗത്യം എന്താണ്. കേരളകൗമുദി വർഷങ്ങളായി റിപ്പോർട്ടുകളിലൂടെയും എഡിറ്റോറിയലുകളിലൂടെയും ഈ അട്ടിമറി പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഒടുവിൽ, സത്യം ഞങ്ങൾ പറഞ്ഞതാണ് എന്നു തെളിയിക്കുന്നതായി, കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ ചരിത്രവിധി. മെരിറ്റിൽ മുന്നിൽ വരുന്ന സംവരണാനുകൂല്യത്തിന് അർഹതയുള്ള എല്ലാവർക്കും മെരിറ്റിൽത്തന്നെ പ്രവേശനം നൽകണമെന്നാണ് ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ വിധി. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ളിയു.എസ് എന്നിവരാണ് സംവരണ വിഭാഗങ്ങൾ. ഇവർക്ക് പൊതുവിഭാഗത്തിന്റെ കട്ട് ഓഫിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ സംവരണ ക്വാട്ടയിലേക്ക് മാറ്റരുതെന്നും പൊതുവിഭാഗത്തിൽത്തന്നെ പരിഗണിക്കണമെന്നുമാണ് വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

മദ്ധ്യപ്രദേശിലെ 2023-24ലെ എം.ബി.ബി.എസ് പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. കഴിഞ്ഞ വർഷത്തെ പ്രവേശനത്തിൽ നിയമവിരുദ്ധ നടപടി ശരിവച്ച മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി. കോടതിയെ സമീപിച്ച ഒ.ബി.സി വിഭാഗക്കാരനായ രാം നരേഷിന് 2024 - 25 വർഷം ജനറൽ കാറ്റഗറിയിൽ എം.ബി.ബി.എസ് പ്രവേശനം നൽകാനും ഉന്നത കോടതി നിർദ്ദേശം നൽകി. ജനറൽ കാറ്റഗറിയിൽ പ്രവേശനം നേടിയവരേക്കാൾ ഉയർന്ന മാർക്ക് നേടിയിട്ടും സംവരണ വിഭാഗക്കാരനായ ഹർജിക്കാരന് എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ചെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് എഴുതിയ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വർഷങ്ങളായി നിലനിന്നിരുന്ന ഒരു അനീതിയാണ് സുപ്രീംകോടതിയുടെ വിധിയോടെ അവസാനിക്കുന്നത്. സംസ്ഥാനത്തെ പി.എസ്.സി നിയമനത്തിലും ഈ വർഷം മുതലുള്ള മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിനും ഇത് ബാധകമാക്കാൻ സർക്കാർ നിർദ്ദേശം നൽകണം.

Advertisement
Advertisement