15 കോടിയുടെ കരാർ,​ കൊച്ചി നേരിടുന്ന ആ പ്രശ്നം ഒരു വർഷത്തിനുള്ളിൽ മാറും

Friday 23 August 2024 12:44 AM IST

കൊച്ചി: ഒരു റോറോ വെസൽ ഷെഡ്ഡിൽ കയറ്റിയതോടെ ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലെ വാഹന യാത്രക്കാർ ശരിക്കും പെട്ടു. ഓണം സീസൺ കൂടി അടുത്തതോടെ വൻ തിരക്കാണ് ഇവിടെ. ഇരുകരകളിലും നിരവധി വാഹനങ്ങളാണ് റോറോയ്ക്കായി ഏറെസമയം കാത്തുകിടക്കുന്നത്. രാവിലെയും വൈകിട്ടുമാണ് അക്ഷരാർത്ഥത്തിൽ ദുരിതം. ഒരു റോറോ മാത്രം സർവീസ് നടത്തുന്നതിനാൽ സമയത്തിന് ജോലിക്കും മറുകരയിലേക്കും എത്താൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ കൺവീനർ ജോണി വൈപ്പിൻ പറഞ്ഞു.

2018ൽ റോറോ സർവീസ് ആരംഭിച്ച കാലം മുതൽ കോർപ്പറേഷനോട് മൂന്നാമത്തെ റോറോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആറുവർഷമായിട്ടും ആവശ്യം യാഥാർത്ഥ്യമായിട്ടില്ലെന്നുമാത്രം. ഇതുണ്ടായിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. നിലവിൽ കേടായ റോറോ അറ്റകുറ്റപ്പണിക്കായി കെ.എസ്.ഐ.എൻ.സിയുടെ ജെട്ടിയിൽ കയറ്റിയിരിക്കുകയാണ്.

സ്റ്റിയറിംഗാണ് ഇക്കുറി​ പ്രശ്നം

റോറോയുടെ സ്റ്റിയറിംഗ് തകരാറിലായതാണ് സ‌ർവീസ് നിറുത്താൻ കാരണമെന്ന് കെ.എസ്.ഐ.എൻ,സി അധികൃതർ ഫറഞ്ഞു. വിദേശത്തുനിന്ന് എത്തിക്കുന്ന സ്റ്റിയറിംഗാണ് റോറോയ്ക്ക് ഉപയോഗിക്കുന്നത്. ഇത് എത്തിക്കുന്നതിന് രണ്ടുമാസം സമയമെടുക്കും!. മാത്രമല്ല ഇതിന് 34 ലക്ഷംരൂപ ചെലവാകും. എന്നാൽ റോറോ സാമ്പത്തികമായി നഷ്ടത്തിലായതിനാൽ 34ലക്ഷം രൂപ മുടക്കി സ്റ്റിയറിംഗ് എത്തിക്കുന്നത് വലിയനഷ്ടം വരുത്തും. അതിനാൽ ഇവിടത്തെ മെക്കാനിക്ക് സ്റ്റിയറിംഗിന്റെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തകരാർ ശനിയാഴ്ചയോടെ പരിഹരിച്ച് സ‌ർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കെ.എസ്.ഐ.എൻ.സി അധികൃതർ പറഞ്ഞു.

മൂന്നാമത്തെ റോറോ ഒരു വർഷത്തി​നുള്ളി​ൽ

മൂന്നാമത്തെ റോറോ ഒരുവർഷത്തിനുള്ളിൽ എത്തുമെന്ന് മേയർ എം. അനിൽകുമാ‌‌ർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന പദ്ധതിയായതിനാൽ ഇതിൽ മുടക്കം വരില്ല. റോറോ നിർമ്മാണം ഫെബ്രുവരിയിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നിർമ്മാണത്തിന് സി.എസ്.എം.എൽ 15 കോടി അനുവദിക്കുകയും കൊച്ചിൻ ഷിപ്പ്‌യാർഡിനെ ഉൾപ്പെടുത്തി ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. ആദ്യം 10 കോടി രൂപയായിരുന്നു സി.എസ്.എം.എൽ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ 15 കോടി ആകുമെന്ന് കൊച്ചിൻ ഷിപ്പ‌്‌യാർഡ് അറിയിക്കുകയായിരുന്നു, ആദ്യ ഗഡുവായി മൂന്ന് കോടി രൂപ സി.എസ്.എം.എൽ ഷിപ്പ്‌യാർഡിന് കൈമാറുകയും ചെയ്തിരുന്നു.

മൂന്നാമത്തെ റോറോ എത്തിയാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകു. മാറിവരുന്ന എല്ലാ മേയ‌ർമാരോടും ആവശ്യപ്പെടുന്ന കാര്യമാണിത്

അഡ്വ. മജ്നു കോമത്ത്

ചെയർമാൻ

വൈപ്പിൻ ജനകീയ കൂട്ടായ്മ

Advertisement
Advertisement