കിലോയ്ക്ക് 80 രൂപ വരെ,​ ഈ മാസങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്,​ പ്രതീക്ഷയിൽ കർഷകർ

Friday 23 August 2024 2:16 AM IST

പൊന്നാനി : ഓണം വിപണിയുടെ പ്രതീക്ഷയിലാണ് വാഴക്കർഷകർ. ഓണക്കാലത്താണ് നേന്ത്രപ്പഴത്തിന് കൂടുതൽ ആവശ്യക്കാരെന്നതിനാൽ ഒരു വർഷം മുമ്പേ ആരംഭിക്കുന്നതാണ് ഓണവിപണി ലക്ഷ്യം വച്ചുള്ള വാഴക്കൃഷി. ശർക്കര വരട്ടി, കായ ഉപ്പേരി തുടങ്ങിയവയ്ക്കും നേന്ത്രപ്പഴത്തിനും വലിയ ഡിമാൻഡാണ് സീസണിൽ. ഉത്രാടത്തിലാണ് ഏറ്റവുമധികം നേന്ത്രപ്പഴം വിറ്റ് പോകുന്നത്.

ഓണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞാൽ അടുത്ത വർഷത്തേക്കുള്ള കൃഷിയാരംഭിക്കും. വേനലും വർഷവും ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിച്ചാണ് കർഷകർ ഓണവിപണിയിലേക്കെത്തുക. കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുകയാണ് വേനൽക്കാലത്ത് കർഷകർ നേരിടുന്ന പ്രതിസന്ധി. മഴ തുടങ്ങിയാൽ വീശിയടിക്കുന്ന കാറ്റും. രണ്ടു സമയത്തും വലിയ തോതിൽ കൃഷിനാശം നേരിടുന്നുണ്ട് ക‌ർഷക‌‌‌ർ. ഇതെല്ലാം തരണം ചെയ്താണ് വാഴക്കൃഷി പൂർത്തിയാക്കുന്നത്. നല്ല പരിചരണം കൂടി ഉണ്ടെങ്കിലേ മികച്ച വിളവ് ലഭിക്കൂ.

വാഴയുടെ ഇലയ്ക്കും ഉണ്ണിപ്പിണ്ടിക്കുമെല്ലാം വിപണിയിൽ വലിയ ഡിമാൻഡുള്ളത് കർഷകർക്ക് വലിയ അനുഗ്രഹമാണ്. വിവാഹ സദ്യകൾക്കും മറ്റും വാഴയില അനിവാര്യമാണ്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഉണ്ണിപ്പിണ്ടിക്കും ആവശ്യക്കാരേറെയാണ്.

മഴയിൽ നനയാതെയും കിളികൾ നശിപ്പിക്കാതെയും നോക്കാൻ പ്ലാസ്റ്റിക് ചാക്കുകളും മറ്റും ഉപയോഗിച്ച് കായക്കുലകൾ പൊതിഞ്ഞു വയ്ക്കണം. കോഴിക്കാട്ടവും വാഴത്തോലും തന്നെയാണ് വളമായ് നൽകുന്നത്. കൂടാതെ കനത്ത കാറ്റിലും മഴയിലും വാഴ വീഴാതെ നോക്കാൻ ഊന്ന് കൊടുത്തു പ്രത്യേകം കരുതലെടുക്കണം. വാഴക്കൃഷിയെ ബാധിക്കുന്ന തണ്ടുതുരപ്പൻ രോഗത്തിന്റെ വ്യാപനവും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. രാസകീടനാശിനികൾക്ക് പകരം ജൈവ കീടനാശികളും കർഷകർ പ്രയോഗിക്കുന്നുണ്ട്. ഗോമൂത്രത്തിൽ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്തുള്ള മിശ്രിതം തളിച്ചുകൊടുക്കുന്ന രീതി കർഷകർക്കിടയിലുണ്ട്. കൃഷി തുടങ്ങിയാൽ രണ്ടാഴ്ച ഇടവേളയിൽ ഇതു ചെയ്യണം.

എന്നാൽ അദ്ധ്വാനത്തിനനുസരിച്ചുള്ള വരുമാനം കർഷകന് ലഭിക്കാറില്ല. കിലോയ്ക്ക് 30രൂപ വരെ കർഷകൻ നേടുമ്പോൾ കച്ചവടക്കാർ കിലോയ്ക്ക് അൻപതു മുതൽ എൺപതു രൂപ വരെ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.

വേനലും വർഷക്കാലവും സൃഷ്ടിക്കുന്ന പ്രതിസന്ധിക്കു പുറമേ കാട്ടുപന്നികൾ വാഴ നശിപ്പിക്കുന്നതും തണ്ടുതുരപ്പന്റെ ശല്യവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സർക്കാർ നൽകുന്ന വാഴക്കന്നുകൾ വലിയ സഹായമാണ്.

കല്ലുങ്ങൽ സെയ്തലവി

വാഴക്കർഷകൻ

സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം കർഷകർക്ക് വാഴക്കന്നുകൾ 10.50 രൂപ നിരക്കിൽ സബ്സിഡി പ്രകാരം ലഭ്യമാക്കുന്നുണ്ട്. രണ്ടായിരം വാഴക്കന്നുകൾ വരെ കൃഷി ചെയ്യുന്ന കർഷകർ ജില്ലയിലുണ്ട് .

വിനയൻ,​ പൊന്നാനി കൃഷി ഓഫീസർ

Advertisement
Advertisement