ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കും

Friday 23 August 2024 7:07 AM IST

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ തീരുമാനിച്ച് രാജ്യത്തെ ഇടക്കാല സർക്കാർ. ഇതു സംബന്ധിച്ച നടപടികൾ ആരംഭിക്കാൻ പാസ്‌പോർട്ട് വകുപ്പിന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തുവിടും. ഹസീന ഭരണകൂടത്തിലെ മന്ത്രിമാരുടെയും എം.പിമാരുടെയും പാസ്‌പോർട്ടുകളും റദ്ദാക്കും. ഹസീനയെ നാടുകടത്തണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം,​ ഇന്ത്യയിൽ അഭയംതേടിയ ഹസീനയ്ക്കെതിരെ ബംഗ്ലാദേശിൽ ചുമത്തിയ കേസുകളുടെ എണ്ണം 44 ആയി. ഇതിൽ പകുതിയിലേറെയും കൊലക്കുറ്റങ്ങളാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് വെടിവയ്പിലും മറ്റുമുണ്ടായ മരണങ്ങളുടെ പേരിലാണ് കേസുകൾ. ഹസീനയുടെ സഹോദരി രെഹനയേയും അവാമി ലീഗ് പാർട്ടി നേതാക്കളെയും കേസുകളിൽ പ്രതിചേർത്തിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പിന്നാലെ, നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ അധികാരത്തിലേറി.

Advertisement
Advertisement