38 വർഷത്തിനുശേഷം ബൽറാം വീണ്ടും

Saturday 24 August 2024 6:00 AM IST

ഇൻസ്‌പെക്ടർ ബൽറാം എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി തകർത്തഭിനയിച്ച ആവനാഴി 38 വർഷത്തിനുശേഷം വീണ്ടും തിയേറ്ററിലേക്ക്. 4 കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിൽ എത്തുക. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1986 സെപ്തംബർ 12ന് റിലീസ് ചെയ്ത ചിത്രം മലയാള സിനിമ അന്നേവരെ കണ്ടതിൽ ഏറ്റവും വലിയ വിജയമായിരുന്നു. ടി. ദാമോദരന്റെ രചനയിൽ ഐ.വി. ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.

100 ദിവസം ചിത്രം തിയേറ്ററിൽ തുടർന്നു. അന്നത്തെ സാമൂഹിക - രാഷ്ട്രീയ വിഷയമാണ് ആവനാഴി ചർച്ച ചെയ്തത്. ഗീത, സീമ, സുകുമാരൻ, ക്യാപ്ടൻ രാജു, ജനാർദ്ദനൻ, ജഗന്നാഥവർമ്മ, ഇന്നസെന്റ്, തിക്കുറിശി, ശ്രീനിവാസൻ, ശങ്കരാടി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ. പിന്നീട് മലയാള സിനിമയിൽ ഉണ്ടായ മിക്ക പൊലീസ് ചിത്രങ്ങളിലും ആവനാഴിയിലെ റഫറൻസ് ഉണ്ടായിരുന്നു. 1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന കഥാപാത്രത്തിന്റെ പേരിൽ ആവനാഴിക്ക് രണ്ടാം ഭാഗം വന്നപ്പോൾ അതും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ചിത്രത്തിന്റെ മൂന്നാം ഭാഗമായിരുന്നു ഇൻസ്പെക്ടർ ബൽറാം വെഴ്സസ് താരാദാസ്.

Advertisement
Advertisement