ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

Saturday 31 August 2024 12:48 AM IST

വൈപ്പിൻ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിലായി. മട്ടാഞ്ചേരി കോമ്പാറമുക്ക് എം.കെ.എസ്. പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടിൽ വസിം (21) നെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ടാസ്‌കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലിഗ്രാം ആപ്പ് വഴി വിവിധ ടാസ്‌കുകളിലൂടെ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഇടുകയായിരുന്നു ആദ്യ ജോലി.

വീട്ടമ്മയ്ക്ക് കമ്പനിയിൽ വിശ്വാസം ജനിപ്പിക്കുന്നതിന് വേണ്ടി ചെറിയ തുകകൾ തട്ടിപ്പ് സംഘം പ്രതിഫലമായി നൽകി. പിന്നീട് പെയ്ഡ് ടാസ്‌കുകൾ നൽകി. തട്ടിപ്പ് സംഘം അയച്ചു നൽകിയ യു.പി.ഐ ഐഡികളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ തിരികെ കൊടുത്തു. വീണ്ടും കൂടുതൽ പണം നിക്ഷേപിച്ചത് തിരികെ ആവശ്യപ്പെട്ട സമയം കൂടുതൽ തുക നിക്ഷേപിച്ചെങ്കിൽ മാത്രമെ ആദ്യം നിക്ഷേപിച്ച തുക തിരികെ നൽകുകയുള്ളൂ എന്നും ചെയ്ത ടാസ്‌ക്കുകളിൽ തെറ്റുണ്ടെന്നും അതിന് ഫൈൻ അടയ്ക്കണമെന്നും പറഞ്ഞാണ് യുവതിയുടെ കയ്യിൽ നിന്ന് പലതവണകളായി വലിയ തുക തട്ടിപ്പ് സംഘം ഈടാക്കിയത്. വീട്ടമ്മയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട പണത്തിന്റെ കുറച്ച് ഭാഗം തന്റെ അക്കൗണ്ടിലേക്ക് എത്തിയത് ചെക്ക് വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്ത ആളെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനേയുടെ നിർദ്ദേശാനുസരണം ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസ് സബ് ഇൻസ്‌പെക്ടർ അഖിൽ വിജയകുമാർ, എ. എസ്. ഐ. ആന്റണി ജയ്‌സൺ, എസ്.സി.പി. ഒ. ഉമേഷ് , സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement