സിനിമാ കേസുകളിൽ തിടുക്കപ്പെട്ട് അറസ്റ്റില്ല

Saturday 31 August 2024 1:16 AM IST

തിരുവനന്തപുരം: സിനിമയിലെ ലൈംഗികാതിക്രമ പരാതികളിലെടുത്ത കേസുകളിൽ അറസ്റ്റ് കരുതലോടെ മാത്രമെന്ന് പൊലീസ്. സി.പി.എം എം.എൽ.എയും പ്രമുഖ നടന്മാരുമടക്കം ഉൾപ്പെട്ട പ്രധാനപ്പെട്ട കേസുകളിൽ കോടതിയിൽ തിരിച്ചടിയൊഴിവാക്കാൻ പരാതികളിൽ പരമാവധി വസ്തുതാപരിശോധനയും തെളിവുശേഖരണവും നടത്തിയ ശേഷം തുടർനടപടി മതിയെന്നാണ് തീരുമാനം. ഒരു കേസിലും മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ധൃതിപിടിച്ചുള്ള അറസ്റ്റുണ്ടാവില്ല. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനും ഡിജിറ്റൽ, സാഹചര്യ തെളിവുകൾ കണ്ടെത്തി പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കാനുമാണ് അന്വേഷണസംഘങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതേസമയം, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയെടുത്ത കേസുകളിൽ നിയമപ്രകാരം അറസ്റ്റ് അനിവാര്യമാണ്.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള ഡിവൈ.എസ്.പിമാരുടെ അന്വേഷണ സംഘങ്ങൾ ഓരോ കേസിലെയും പരമാവധി വിവരങ്ങൾ ശേഖരിക്കും. ഇതുവരെ 11കേസുകളെടുത്തു. കോഴിക്കോട്ട് 3 കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യും. കേസുകളിൽ പ്രോട്ടോക്കോൾ പ്രകാരം രഹസ്യ മൊഴിയെടുപ്പും ശാസ്ത്രീയ, വൈദ്യ പരിശോധനകളുമുണ്ടാവും. മൊഴികളിലെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിശദാന്വേഷണമുണ്ടാവും. ചാടിക്കയറി അറസ്റ്റിനു തുനിഞ്ഞാൽ കോടതിയിൽ തിരിച്ചടി നേരിടാനും പൊലീസിന്റെ വിശ്വാസ്യത തകരാനുമിടയാക്കുമെന്ന് ഇന്നലെ ചേർന്ന അന്വേഷണസംഘത്തിന്റെ യോഗം വിലയിരുത്തി.

ഡി.ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ നാല് വനിതാ ഐ.പി.എസുദ്യോഗസ്ഥർ എല്ലാ കേസുകളിലെയും മൊഴികളും തെളിവുകളും വസ്തുതകളും പരിശോധിച്ച് ഉറപ്പിക്കും. ഐ.ജി ജി.സ്പർജ്ജൻകുമാർ ഇവ രണ്ടാംഘട്ട പരിശോധന നടത്തിയശേഷമായിരിക്കും അറസ്റ്റടക്കം നടപടികളുണ്ടാവുക. വിചാരണ വേളയിൽ കൂറുമാറ്റമൊഴിവാക്കാനാണ് പരാതിക്കാരുടെയെല്ലാം രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തുന്നത്.

അന്വേഷണം

സങ്കീർണം

അതിക്രമ പരാതികളുമായി കൂടുതൽ നടിമാരും സിനിമാപ്രവർത്തകരും രംഗത്തെത്തുകയും ആരോപണവിധേയർ കുറ്റം നിഷേധിക്കുകയും ചെയ്യുന്നതോടെ, വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങൾ തെളിയിക്കുക വെല്ലുവിളി.

മൊഴികൾക്ക് ആധാരമായ ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിക്കുന്നതും ശ്രമകരം. ടവർലൊക്കേഷൻ, സി.സി.ടി.വി തെളിവുകൾ പഴയ പരാതികളിൽ ലഭ്യമാവില്ല. ദൃക്സാക്ഷികളുമുണ്ടാവില്ല. വാട്സ്ആപ്പിലേതടക്കം സന്ദേശങ്ങൾ തെളിവാകും.

Advertisement
Advertisement