'ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടണം'; തെലങ്കാന സർക്കാരിനോട് സാമന്ത

Saturday 31 August 2024 3:24 PM IST

ഹൈദരാബാദ്: മലയാള സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതിന് പിന്നാലെ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥനയുമായി നടി സാമന്ത. സർക്കാരിന് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നടി ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

'തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിനായി പാത തെളിയിച്ച കേരളത്തിലെ ഡബ്ള്യു സി സിയുടെ അശ്രാന്ത പരിശ്രമത്തിന് കയ്യടി. ഡബ്ള്യു സി സിയെ മാതൃകയാക്കി ദി വോയ്‌സ് ഒഫ് വിമൺ എന്ന പേരിൽ തെലുങ്ക് സിനിമയിലെ സ്ത്രീകൾക്കായുള്ള സംഘടന 2019ൽ രൂപീകരിച്ചിരുന്നു.

തെലുങ്ക് ഫിലിം ഇൻഡസ്‌ട്രിയിലെ (ടിഎഫ്‌ഐ) സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സർക്കാരിന്റെയും വ്യവസായത്തിന്റെയും നയങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന, സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു'- നടി കുറിച്ചു. ഹേമ കമ്മിറ്റിയെ മാതൃകയാക്കി തെലങ്കാന സർക്കാരും കമ്മിറ്റി രൂപീകരിക്കണമെന്ന് താരം നേരത്തെയും പറഞ്ഞിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് 19നാണ് റിപ്പോർ‌ട്ട് പുറത്തുവന്നത്.

Advertisement
Advertisement