ലൈംഗികാരോപണം നേരിട്ട എം എൽ എമാർ ആരും രാജി വച്ചിട്ടില്ല, മുകേഷ് രാജി വയ്ക്കേണ്ടെന്ന് എം വി ഗോവിന്ദൻ

Saturday 31 August 2024 6:54 PM IST

തിരുവനന്തപുരം : ലൈംഗികരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ലൈംഗികാരോപണം നേരിട്ട എം.എൽ.എമാർ ആരും രാജി വച്ചിട്ടില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എം.പിമാരും എം.എൽ.എമാരും ഉണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും സംസഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് 16 എം.പിമാരും 135 എം.എൽ.എമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് . അതിൽ ബി.ജെ.പി 54,​ കോൺഗ്രസ് 23,​ ടി.ഡി.പി 17,​ ആം ആദ്മി പാർട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ പെട്ടവർ ഇത്തരം കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. അവരാരും എം.എൽ.എ സ്ഥാനം രാജി വച്ചിട്ടില്ല കേരളത്തിൽ ഇപ്പോൾ രണ്ട് എം.എൽ.എമാർക്കെതിരെ കേസ് ഉണ്ട്. ഇതിൽ ഒരാൾ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മൻചാണ്ടി,​ കു‌ഞ്ഞാലിക്കുട്ടി,​ അനിൽകുമാർ,​ ഹൈബി ഈഡൻ,​ പീതാംബരക്കുറുപ്പ്,​ ശശി തരൂർ എന്നിവരുടെയെല്ലാം പേരിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നെങ്കിലും ഇവരാരും എം.എൽ,​എ സ്ഥാനമോ എം,​പി സ്ഥാനമോ രാജിവച്ചിട്ടില്ല.

പി.ജെ. ജോസഫ്,​ നീലലോഹിത ദാസൻ നാടാർ,​ ജോസ് തെറ്റയിൽ ഇവരാരും എം.എൽ.എ സ്ഥാനം രാജി വച്ചിട്ടില്ല. മന്ത്രിസ്ഥാനമാണ് രാജി വച്ചത്. കുറ്റം ആരോപിക്കപ്പെട്ടയാൾ നിയമസഭാംഗത്വം രാജി വച്ചാൽ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാൽ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അത്തരമൊരു നിലപാട് സാമാന്യ നീതി നിഷേധിക്കലാവും . അതാണ് മുകേഷിന്റെ കാര്യത്തിൽ അത്തരമൊരു നിലപാട് സ്വീകരിക്കാത്തത്. അതേസമയം കേസന്വേഷണത്തിൽ യാതൊരു തരത്തിലുള്ള ആനുകൂല്യവും എം.എൽ.എ എന്ന നിലയിൽ നൽകേണ്ടതില്ല എന്നാണ് പാർട്ടിയുടെ നിലപാട്. നീതി എല്ലാവർക്കും ലഭ്യമാകണം,​ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഇക്കാര്യത്തിൽ ഉറപ്പുവരുത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement
Advertisement