'സാർ എനിക്ക് രണ്ട് കൈയേയുള്ളൂ'; ഹസ്തദാനം നൽകാൻ ചെന്ന ഹോട്ടൽ ജീവനക്കാരനോട് കോഹ്‌ലി

Wednesday 25 September 2024 12:45 PM IST

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ കാൻപൂരിലെത്തിയത്. താരങ്ങളെ കാണാനായി ഹോട്ടലിൽ വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. അക്കൂട്ടത്തിൽ ഹോട്ടൽ ജീവനക്കാരുമുണ്ടായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബോക്ക നൽകിയാണ് ഹോട്ടൽ ജീവനക്കാർ താരങ്ങളെ വരവേറ്റത്. വിരാട് കോഹ്ലിയുടെ ഒരു കൈയിൽ ബാഗും ഉണ്ടായിരുന്നു. മറുകൈയിൽ ബൊക്ക വാങ്ങി. സ്വീകരിക്കാനെത്തിയവരിൽ ഒരാൾ കോഹ്ലിക്ക് ഹസ്‌തദാനം നൽകാൻ ശ്രമിച്ചു. ഇതുകണ്ട് അസ്വസ്ഥനായ കോഹ്ലി, 'സാർ എനിക്ക് രണ്ട് കൈയേയ്യുള്ളൂ'വെന്ന് മറുപടി നൽകുകയും അവിടെ നിന്ന് പോകുകയുമാണ്. ഇതിനിടയിൽ ബൊക്ക കൂടെയുള്ളയാൾക്ക് നൽകുകയും ചെയ്യുന്നു.

കോഹ്‌ലിക്ക് പിന്നാലെ വന്ന താരങ്ങൾ ഹോട്ടൽ ജീവനക്കാരിൽ നിന്ന് ബൊക്കെ സ്വീകരിക്കുന്നതും ഹസ്‌തദാനം നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ കോഹ്‌ലിയെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം, മറ്റന്നാൾ മുതലാണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. കാൻപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു നടന്നത്.