മുതുകുളം ബ്ലോക്ക് ഓഫീസിനു മുകളിൽ മരം വീണു
Saturday 10 August 2019 12:22 AM IST
ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുകളിൽ മരം വീണു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഓഫീസിനു സമീപം നിന്ന കൂറ്റൻ ഇലവ് മരമാണ് നിലം പതിച്ചത്. ബ്ലോക്ക് ഓഫീസ് സമുച്ചയത്തിലെ അഗ്രോ സർവീസ് സെന്ററിന് മുകളിലാണ് മരം വീണത്. അകത്തുണ്ടായിരുന്ന ജീവനക്കാരി ഓടി രക്ഷപെട്ടതിനാൽ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇവിടെ ഉണ്ടായിരുന്ന പിക്ക് അപ് വാനിന്റെ പുറത്തേക്കും മരത്തിന്റെ ഭാഗങ്ങൾ വന്നു പതിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എട്ട് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും വിവരങ്ങൾ കൈമാറിയിരുന്ന സോഫ്ട് വെയർ ടവറും തകർന്നു. ഇത് മൂലം ഓൺലൈൻ സേവനങ്ങൾ ഭാഗികമായി തകരാറിലായതായി അധികൃതർ അറിയിച്ചു.