മന്ത്രി പൊന്മുടിക്കു നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം
വില്ലുപുരം: പ്രളയബാധിത പ്രദേശമായ വില്ലുപുരം സന്ദർശിക്കാനെത്തിയ മന്ത്രി പെന്മുടിക്കു നേരെ ചെളിയേറ്. ഇരുവേൽപട്ടിൽ സമരം ചെയ്യുന്നവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ചെളിയെറിഞ്ഞ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്. വില്ലുപുരത്ത് ദിണ്ഡിവനത്തിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. പ്രദേശത്ത് കനാൽ പൊട്ടി ഒഴുകിയത് ദുരിതം വർദ്ധിപ്പിച്ചു.
ഈ സാഹചര്യത്തിൽ ദുരിതാശ്വാസ സാമഗ്രികൾ നൽകുന്നതിനായാണ് പൊൻമുടിയും മന്ത്രി മതിവേന്തനും ജില്ലാ കലക്ടർക്കൊപ്പം വില്ലുപുരത്ത് എത്തിയത്. ഇരുവേൽപട്ട് മേഖലയിലേക്ക് പോകുമ്പോഴായിരുന്നു ചെളിയേറ്. ഉടനെ പൊലീസ് ഇടപെടുകയും അദ്ദേഹത്തെ കാറിനടുത്ത് എത്തിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ കെ. അണ്ണാമലൈ എക്സിൽ പോസ്റ്റ് ചെയ്തു.
'ഇതാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. ചെന്നൈയ്ക്ക് പുറത്തുള്ള സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ ആരും മെനക്കെടുന്നില്ല' -അണ്ണാമലൈ കുറിച്ചു.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അണ്ണാമലൈ സഹായം എത്തിച്ചു. വില്ലുപുരത്തും എത്തിയിരുന്നു.