കേക്കും ഐസ്‌ക്രീമുമെല്ലാം വാരിവലിച്ച് കഴിക്കുമ്പോൾ ഓർത്തോളൂ, ശരീരത്തിന് ഈ കഴിവ് കുറയും
അമിതമായി പ്രോസസ് ചെയ്‌ത് തയ്യാറാക്കുന്ന കോള, എനർജി ഡ്രിങ്കുകൾ പോലുള്ളവയിൽ അടങ്ങിയ ഒരു ഘടകം ക്യാൻസർ രോഗത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്‌ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ. ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗാസ്‌ട്രോഎൻട്രോളജിയുടെ ദി ഗട് എന്ന സയൻസ് മാദ്ധ്യമത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. ഇത്തരം പ്രോസസ് ചെയ്‌ത ഭക്ഷണത്തിലുള്ള ഒമേഗ-6 ഫാറ്റി ആസിഡുകളുടെ അമിത ഉപയോഗം ക്യാൻസർ പ്രതിരോധിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തും.
ഇതുകാരണം വൻകുടലിലുണ്ടാകുന്ന ക്യാൻസർ രോഗത്തെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ ശരീരത്തിന് കഴിയില്ല. സാധാരണയായി കുടലിനുള്ളിലെ വഴിയിൽ ഓരോ ദിനവും മ്യൂട്ടേഷനുകൾ സംഭവിക്കാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സഹായത്തോടെ അവ തകർക്കാറുമുണ്ട്. പഠനസംഘത്തിൽ അംഗമായ ഡോ.തിമോത്തി യീറ്റ്‌മാൻ പറയുന്നു.
വിവിധ കോളകൾ, എനർജി ഡ്രിംഗുകൾ, ഐസ്‌ക്രീം,കേക്ക്, ഇൻസ്‌റ്റന്റ് യോഗർട്ട് അങ്ങനെ രൂപമാറ്റം വരുത്തിയ ഏതൊരു ആഹാരവും കുടലിന് ഭീഷണിയാകാം. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണരീതിയിലാണ് കൂടുതലും ഒമേഗ-6 ഫാറ്റി ആസിഡ് അടങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ 70 ശതമാനം ഭക്ഷണവും പ്രോസസ് ചെയ്‌ത ഭക്ഷണമാണ്. സൂര്യകാന്തി, നിലക്കടല, സോയാബീൻ തുടങ്ങി ഒരുകൂട്ടം എണ്ണകൾ അമേരിക്കയിൽ ഉപയോഗിക്കുന്നതിൽ ഒമേഗ-6 സാധാരണമായി കാണപ്പെടുന്നു. എന്നാൽ ഒമേഗ-6ന്റെ മാത്രം കുഴപ്പമല്ല പകരം ഒമേഗ-3 അടങ്ങിയ ഭക്ഷണം കുറയ്‌ക്കുന്നത് കൊണ്ടും കൂടിയാണ് ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കഴിയാതെ പോരുന്നത് എന്നും ഗവേഷകർ സൂചിപ്പിക്കുന്നു.