യുവാക്കളുടെ ഹരമായിരുന്ന ഗ്ലാമര്‍ നടി; ലഹരിക്കേസിലും പെട്ടു, ഇനി ആത്മീയ ജീവിതത്തിലേക്ക്

Friday 24 January 2025 7:12 PM IST

മുംബയ്: ബോളിവുഡില്‍ ഒരു കാലത്ത് മിന്നും താരവും യുവാക്കളുടെ ഹരവുമായിരുന്ന നടി സിനിമാ മേഖല വിട്ട് ആത്മീയതയുടെ പാതയിലേക്ക്. 90കളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു മമത കുല്‍കര്‍ണി. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അക്കാലത്തെ സിനിമകളിലെ സജീവസാന്നിദ്ധ്യമായിരുന്നു താരം. മലയാളത്തിലും ഒരുസിനിമയില്‍ മമത കുല്‍ക്കര്‍ണി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന് പുറമേ മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായിട്ടുണ്ട്.

25 വര്‍ഷത്തോളം നീണ്ട ബോളിവുഡ് ജീവിതത്തിനിടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും ബോക്‌സ് ഓഫീസ് ഹിറ്റുകളായ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. ബോളിവുഡിന്റെ ഗ്ലാമറസ് ലോകത്തുനിന്ന് മാറി ആത്മീയ പാതയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മമത കുല്‍കര്‍ണി ഇപ്പോള്‍. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ മമത കുല്‍കര്‍ണിതന്നെയാണ് അടുത്ത കുറച്ചുദിവസത്തെ തന്റെ ആത്മീയ യാത്രകളുടെ വിവരം ഇന്‍സ്റ്റഗ്രാം വഴി ഔദ്യോഗികമായി അറിയിച്ചത്.

പ്രയാഗ് രാജിലെ കുംഭമേളയില്‍നിന്ന് കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി വാരാണസിയിലേക്ക് പോകുമെന്ന് മമത കുല്‍കര്‍ണി അറിയിച്ചു. അവിടെനിന്ന് അയോദ്ധ്യയിലേക്കും പോകും. 10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ താന്‍ പിതൃതര്‍പ്പണം ചെയ്യുമെന്നും താരം അറിയിച്ചു.

2000 കോടിയുടെ ലഹരിക്കേസില്‍ താരം ഉള്‍പ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള ലഹരിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിക്കുകയായിരുന്നു. 2016ല്‍ താനെയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണു കേസില്‍ നടിയുടെ പങ്ക് പുറത്തായത്.

കേസില്‍ മമത ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 3 വീടുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.