ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണർ, തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷ തെലങ്കാന ഗവർണറാകും
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. ഉത്തർപ്രദേശ് സ്വദേശിയാണ് ആരിഫ് ഖാൻ. നേരത്തെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 2004ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഈ മാസം നാലിന് നിലവിലെ ഗവർണർ പി.സദാശിവം സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ ഗവർണറെ നിയമിച്ചത്. തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷ ഡോ.തമിഴിസെെ സൗന്ദരരാജൻ തെലങ്കാന ഗവർണറാകും. 2010ൽ ബി.ജെ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗന്ദരരാജൻ 2013ൽ ദേശീയ തലത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് പ്രഖ്യാപിച്ചത്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഭഗത്‌സിംഗ് കോഷ്യാരിയാണ് മഹാരാഷ്ട്ര ഗവർണർ. മുൻ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രയയെ ഹിമാചൽപ്രദേശിലെ പുതിയ ഗവർണറായി നിയമിച്ചു. നിലവിലെ ഹിമാചൽപ്രദേശ് ഗവർണറായ കൽരാജ് മിശ്ര രാജസ്ഥാൻ ഗവർണറാവും.