വീണ്ടും റഷ്യൻ സൈനിക ക്യാമ്പിൽ എത്തിക്കാൻ ശ്രമമെന്ന് ജെയിൻ
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനെ വീണ്ടും സൈനിക ക്യാമ്പിലേക്ക് നീക്കാൻ ശ്രമം. റഷ്യൻ സൈന്യവുമായി കരാർ കാലാവധി അവസാനിച്ചെങ്കിലും കരാർ പുതുക്കി സൈന്യത്തിൽ ചേർക്കാനാണ് ശ്രമമെന്ന് സംശയിക്കുന്നതായി ജെയിൻ കേരളകൗമുദിയോട് പറഞ്ഞു. പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിഞ്ഞിരുന്ന റഷ്യക്കാരെ എല്ലാം ഒരു മാസത്തെ അവധിയിൽ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇന്ത്യക്കാരനായ ജെയിനിനെ സൈനിക ക്യാമ്പിലേക്ക് തന്നെ തിങ്കളാഴ്ചയോടെ മടക്കുമെന്നാണ് അറിയിപ്പ്.
ജെയിൻ കുര്യനും കുടുംബവും ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ജനുവരി ആറിനാണ് വയറിനും മറ്റും പരിക്കേറ്റ് ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ജെയിനിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായി. സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമെന്ന ആശങ്കയും ജെയിനിനുണ്ട്.
തന്റെ ദയനീയാവസ്ഥ ഇംഗ്ലീഷിൽ വിവരിക്കുന്ന വീഡയോ ചിത്രീകരിച്ച് ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ജെയിൻ കുര്യൻ. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ജെയിനിന്റെ ബന്ധു കൂടിയായ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു ഉക്രൈനിന്റെ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബിനിലിന്റെ മൃതദേഹവും നാട്ടിൽ എത്തിക്കാനായിട്ടില്ല.