മസാലദോശ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; തൃശൂരിൽ മൂന്ന് വയസുകാരി മരിച്ചു

Monday 21 April 2025 1:53 PM IST

തൃശൂർ: മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതയുണ്ടായ മൂന്ന് വയസുകാരി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്.

ശനിയാഴ്‌ച വിദേശത്ത് നിന്നെത്തിയ ഹെൻട്രിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കുടുംബം മസാലദോശ കഴിച്ചത്. വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം ഹെൻട്രിക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്‌ക്കും ഒലിവിയയ്‌ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി കുത്തിവയ്‌പ്പെടുത്ത് വീട്ടിലേക്ക് മടങ്ങി.

തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെട്ടതോടെ ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.