തമാശയ്‌ക്കാണ് പലരും ചെയ്യുന്നത്, അകത്തുകിടക്കേണ്ടിവരും; ട്രെയിനിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം

Tuesday 22 April 2025 12:49 PM IST

പാലക്കാട്: അശ്രദ്ധയും അമിത ആത്മവിശ്വാസവും മൂലം റെയിൽ പാളങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ 1345 പേരാണ് പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ മാത്രം മരിച്ചത്. 2021 മുതൽ 2024 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 1816 അപകടങ്ങളുണ്ടായി. 510 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് മുതലമടയിൽ 13 പശുക്കൾ ട്രെയിൻ തട്ടി ചത്ത സംഭവം നടന്നത്.

2023 ലാണ് ഏറ്റവും കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടിട്ടുള്ളത്. 541 അപകടങ്ങളുണ്ടായപ്പോൾ 387 പേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അശ്രദ്ധയാണ് കൂടുതൽ മരണങ്ങൾക്കും കാരണമെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ, ട്രെയിനിൽ ഓടിക്കയറൽ, നിറുത്തുന്നതിന് മുമ്പ് ഇറങ്ങൽ, ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യൽ എന്നിവയെല്ലാം അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പിഴ ഈടാക്കലും ബോധവത്കരണവും നൽകുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ലെന്നതാണ് യാഥാർത്ഥ്യം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയുള്ള മരണങ്ങളും പതിവാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യലും മറ്റും തടവും പിഴയും ലഭിക്കുന്ന കുറ്റങ്ങളാണെങ്കിലും ഇവക്ക് ഒരു കുറവും വന്നിട്ടില്ല. ട്രെയിൻ വാതിൽപടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുകയോ മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ അനധികൃതമായി പാളം മുറിച്ചുകടക്കുകയോ ചെയ്ത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. അനധികൃതമായി പാത മുറിച്ചുകടക്കുന്നതിനെതിരെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും നിരന്തരം അറിയിപ്പുണ്ടാകാറുണ്ടെങ്കിലും നിമിഷങ്ങൾ ലാഭിക്കാനായുള്ള ഇത്തരം യാത്രകൾ വലിയ അപകടമാണ് വരുത്തിവെക്കുന്നത്.

റെയിൽവേ ലൈനുകളിൽ മരണപ്പെടുന്നവരുടെ എണ്ണംകൂടിയതോടെ പലയിടങ്ങളിലും റെയിൽവേ ലൈനിനു കുറുകെയുള്ള റോഡുകളും ചെറിയ വഴികളും കൊട്ടിയടച്ചിരിക്കുകയാണ്. എങ്കിലും പലരും ഇത്തരം വഴികളിലൂടെ നുഴഞ്ഞ് യാത്ര ചെയ്യുന്നുണ്ട്. പാളത്തിന് സമീപം വീടുകളുള്ളവർ സമയലാഭത്തിനായി മിക്കപ്പോഴും പാളത്തിലൂടെ യാത്രചെയ്യാറുണ്ട്. ഇവർ പലപ്പോഴും ട്രെയിൻ വരുന്നതുപോലും അറിയാറില്ല.